പൊഴിയൂരിൽ കടലേറ്റം,​രണ്ട് വീടുകൾ തകർന്നു

Spread the love

പാറശാല വിഴിഞ്ഞം:ജില്ലയിൽ ഇന്നലെയും വേനൽ മഴ ശക്തമായിരുന്നു. പൊഴിയൂർ തെക്കേ പുല്ലങ്കോട് ഇന്നലെയുണ്ടായ കടലേറ്റത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.പത്തോളം വീടുകൾ എപ്പോൾ വേണമെങ്കിലും തകരാവുന്ന സ്ഥിതിയിലാണ്.മുല്ലശ്ശേരി വാർഡിലെ വീടുകളും കടലേറ്റത്തിൽ ഭാഗികമായി തകർന്നു.പൊഴിയൂരിലെ തീരങ്ങളായ പരുത്തിയൂർ,തെക്കേകൊല്ലങ്കോട് മേഖലകളിൽ നിർമ്മിച്ചിരുന്ന കടൽഭിത്തികൾ തകർന്ന് തീരങ്ങളും ഇല്ലാതായി. മലയോര മേഖലകളിൽ മഴ തുടരുകയാണെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിൽ ഇന്നലെ വലിയ തോതിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.വഞ്ചിയൂർ അത്തിയാർ മഠം ലെയ്നിൽ കഴിഞ്ഞദിവസം ഇടിഞ്ഞുപോയ റോഡിൽ നാട്ടുകാർ മണൽചാക്ക് നിറച്ച് താത്കാലി ഭിത്തി നിർമ്മിച്ചു. അടിമലത്തുറയിൽ വെള്ളം കയറികനത്ത മഴയിൽ അടിമലത്തുറ തീരദേശത്തെ വിവിധയിടങ്ങളിൽ വെള്ളം കയറി.ശക്തമായ തിരയുണ്ടെങ്കിലും കടൽ കരയിലേക്ക് കയറിയിട്ടില്ല.വെള്ളം കയറിയ സ്ഥലങ്ങളിൽ ഓടകൾ ശുചിയാക്കി വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി റവന്യൂ അധികൃതർ പറഞ്ഞു.കടലേറ്റമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തീരദേശത്തെ മത്സ്യബന്ധന വള്ളങ്ങൾ തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലെ തീരപ്രദേശമായ അടിമലത്തുറയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ രണ്ട് കുടുംബങ്ങളെക്കൂടി മാറ്റിപ്പാർപ്പിച്ചു.അടിമലത്തുറ സെന്റ് ജോസഫ് സ്കൂളിലാണ് ക്യാമ്പ് തുറന്നത്.ഇതോടെ ഏഴ് കുടുംബങ്ങളിൽ നിന്നായി 14 പേർ ക്യാമ്പിലുണ്ട്.ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ പറഞ്ഞു.പുല്ലാന്നിമുക്കിൽ കൂറ്റൻ മാവ് വൈദ്യുതി ലൈനിന് മുകളിൽ വീണു.വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സെത്തി മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.കിടാരകുഴി രാംനഗറിൽ വിജയന്റെ വീട്ടിലെ പ്ലാവ് വൈദ്യുതിലൈനിലും വീടിന് മുകളിലുമായി കടപുഴകി.ആളപായമില്ല. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റെത്തി മരം മുറിച്ച് നീക്കി.ഗ്രേഡ് എ.എസ്.ടി.ഒ അലി അക്ബർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്,സന്തോഷ് കുമാർ, രാജേഷ് ജെ.ആർ,രാജേഷ്. ആർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കനത്ത മഴയിൽ വെങ്ങാനൂർ, പനങ്ങോട്, വെണ്ണിയൂർ ഏലാകളിൽ നിരവധി കർഷകരുടെ കുലവാഴകൾ ഒടിഞ്ഞുവീണ് നശിച്ചു.മരച്ചിനി, ചീര കൃഷിയിടങ്ങളിൽ വെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *