തിരുവനന്തപുരം : എഡിജിപി എം. ആർ അജിത് കുമാറിന്റെ അനധികൃത സ്വത്തു
സമ്പാദന കേസന്വേഷണം സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ലാതയെ ന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കേസന്വേഷണ ത്തിന്റെ മൗലിക തത്വങ്ങളെയും സുപ്രീംകോടതി അടക്കമുള്ള മേൽ കോടതി വിധികളെയും കാറ്റിൽ പറത്തി കൊണ്ടാണ് അജിത് കുമാറിനെ ക്ലീൻ കിറ്റ് നൽകാൻ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നതെ ന്ന കോടതി നിരീക്ഷണം അതീവ ഗൗരവമായിട്ടുള്ളതാണ്. വിജിലൻസ് മാന്വവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെടുക്കാൻ അദൃശ്യ ശക്തി പ്രവർത്തിച്ചെന്ന കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.
സീസറിന്‍റെ ഭാര്യ സംശയാതീതമായിരിക്കണമെന്ന പൊതു തത്വം ഉദ്ധരിച്ച കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട പിണറായി വിജയനും സിപിഎമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രി നേരിട്ട് നടത്തിയ നിയമവിരുദ്ധമായ ഇടപെടൽ ചൂണ്ടിക്കാട്ടിയ കോടതിവിധിയെ കുറിച്ച് എന്തു പറയുന്നുവെന്നറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. ഇതിനുമുമ്പ് കോടതി നിരീക്ഷണങ്ങൾ മാത്രമുണ്ടായ സമാനമായ കേസുകളിൽ എല്ലാം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട ഇടതുമുന്നണിക്ക് കോടതിയുടെ നേരിട്ടുള്ള പ്രഹരം ഏറ്റതിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാവും. സമീപകാല ചരിത്രത്തിൽ ഒന്നും ഒരു മുഖ്യമന്ത്രിക്കെതിരെ നിയമവിരുദ്ധ ഇടപെടൽ ഇത്ര കൃത്യമായി ചൂണ്ടിക്കാട്ടിയ ഒരു കോടതിവിധി ഉണ്ടായിട്ടില്ല.
കീഴുദ്യോഗ സ്ഥനെ അന്വേഷണത്തിന് നിയോഗിച്ചതും സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതു മടക്കമുള്ള വീഴ്ചകൾ അക്കമിട്ട് നിരത്തി എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്യാതിരിക്കുകയും ചെയ്യാൻ പാടില്ലാത്തത് ചെയ്തിരിക്കുകയാണ് എന്നുപറയുന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് ഡിപ്പാർട്ട്മെന്റ് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് പുതുശ്ശേരി പറഞ്ഞു.
ഒരു ആരോപണം ഉന്നയിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥനോട് ആരോപണ കർത്താവിനെ കണ്ടു ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് ഏത് നിയമമാണ് അധികാരം നൽകിയിരിക്കുന്നത്. ഇത് നിയമവ്യവസ്ഥയുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ആരോപണത്തിന്റെ പേരിൽ മാത്രം നടപടിയെടുക്കാനാവില്ലെന്നും അതിന്മേലുള്ള അന്വേഷണ റിപ്പോർട്ടിൽ മാത്രമേ നടപടി ഉണ്ടാവു എന്നും നിരന്തരമായി ആവർത്തിക്കുന്ന മുഖ്യമന്ത്രി അന്വേഷണ റിപ്പോർട്ട് ഈവ്വിധമാക്കി തീർക്കാമെന്ന ധൈര്യത്തിലാണ് ആ പല്ലവി ആവർത്തിച്ചു കൊണ്ടിരുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും നിയമവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന അത്തരം കൊട്ടേഷൻ പണികൾക്ക് ലഭിച്ചിരിക്കുന്ന തിരിച്ചടിയാണ് കോടതി വിധിയെന്നും പുതുശ്ശേരി പറഞ്ഞു.