രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’

Spread the love

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ ഗതാഗതത്തിനായി തുറന്നിട്ട് 100 ദിവസം പിന്നിട്ടു. രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയായാണ് അടല്‍ സേതു വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു ഇതിനകം സ്വന്തം പേരിലാക്കിയിട്ടുണ്ട്.മുംബനഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. ആദ്യ 100 ദിവസത്തിനിടെ 21.9 ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നുപോയത്. ഏപ്രില്‍ 23 വരെയുള്ള കണക്കാണിത്.ഇതില്‍ 21.1 ലക്ഷവും കാറുകളാണ്. 16,569 ബസുകളും 43,876 മള്‍ട്ടി ആക്‌സില്‍ ട്രക്കുകളും ഇതുവഴികടന്നുപോയി. ദിവസം ശരാശരി 22,000 വാഹനങ്ങള്‍ പാലത്തിലൂടെ പോകുന്നുവെന്നാണ് കണക്ക്.250 രൂപയാണ് കാറുകള്‍ക്ക് ഒരു വശത്തേക്ക് പാലത്തില്‍ ടോളായി ഈടാക്കുന്നത്. രണ്ടു വശത്തേക്കുമായി 375 രൂപവരും. പ്രതിമാസ പാസ് 12,500 രൂപയാണ്. ഒരു വര്‍ഷത്തേക്കുള്ള പാസിന് 1.5 ലക്ഷം രൂപ വരും. ദിവസം ശരാശരി 70,000 വാഹനങ്ങള്‍ പാലം യാത്രയ്ക്കായി ഉപയോഗിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉയര്‍ന്ന ടോള്‍നിരക്ക് വാഹനങ്ങള്‍കുറയാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. ആദ്യ ഒരുമാസക്കാലയളവില്‍ 8.13 ലക്ഷം വാഹനങ്ങളില്‍നിന്നായി 13.95 കോടി രൂപ ടോളായിപിരിച്ചിരുന്നു. 100 ദിവസം പിന്നിടുമ്പോള്‍ ഇത് 38 കോടി രൂപ വരെയായതാണ് അനൗദ്യോഗിക കണക്ക്.നവി മുംബൈയില്‍നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും.മധ്യ മുംബൈയിലെ സെവ്രിയില്‍നിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിര്‍ലെയിലാണ് അവസാനിക്കുന്നത്. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്.ആകെ 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലവും ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *