സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി :നാളെ മുതല്‍ വിതരണം ആരംഭിക്കും

Spread the love

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ മുതല്‍ വിതരണം ആരംഭിക്കും എ.എ.വൈ കാര്‍ഡുകാര്‍ക്ക് 1 ലിറ്ററും മറ്റുകാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കാര്‍ഡുകള്‍ക്ക് (NE കാര്‍ഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. ഇന്ന് മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷന്‍ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 വര്‍ഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി. 2023-24 ല്‍ ഒരു പാദത്തിലേയ്ക്ക് (3 മാസം) 1944 കിലോ ലിറ്റര്‍ മാത്രമാണ് അനുവദിച്ചത്. 2024-25 ല്‍ 780 കിലോ ലിറ്റര്‍ ആയി ചുരുക്കി. കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 5676 കിലോ ലിറ്റര്‍ അനുവദിച്ചിട്ടുള്ളത്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തെ പി.ഡി.എസ്. സബ്സിഡി, നോൺ-സബ്സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായിരുന്നു. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇത് നിലവില്‍ 238 രൂപയും 3.75 രൂപയുമായിരുന്നു. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ ലിറ്ററിന് 3.70 രൂപയില്‍ നിന്നും 6 രൂപയാക്കി ഉയർത്തി. രണ്ട് വർദ്ധനവുകൾക്കും 2025 ജൂൺ 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *