ശബരിറെയിൽ അടക്കം വികസന പദ്ധതികൾ എല്ലാം മുടക്കിയത് ഇടതു വലതു സർക്കാരുകൾ: ബിജെപി

Spread the love

തിരുവനന്തപുരം: ശബരിറെയിൽ അടക്കം ശബരിമലയിലേക്ക് കേന്ദ്രസർക്കാർ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടതു വലതു സർക്കാരുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ ആചാര വിശ്വാസങ്ങൾ തകർക്കാൻ നോക്കിയ കമ്യൂണിസ്റ്റ് നേതാവിന്റെ കാപട്യം നിറഞ്ഞ പ്രസംഗം വിശ്വാസ സമൂഹം തള്ളിക്കളഞ്ഞു. ശബരി മലയ്ക്കുള്ള കേന്ദ്രഫണ്ടുകൾ പാഴാക്കിയ പിണറായി വിജയൻ സർക്കാരിന്റെ രാഷ്ട്രീയ നാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തർ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.യഥാർത്ഥത്തിൽ ശബരിമല വികസനമാണ് ഉദ്ദേശമെങ്കിൽ ശബരീറയിലിന് ഭൂമി ഏറ്റെടുത്തു കൊടുക്കാൻ സർക്കാർ തയ്യാറാകണം. ഭൂമി നൽകിയാൽ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ച് വ്യാജ പ്രചാരണം നടത്തുന്നത് സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണ്. ക്ഷേത്രങ്ങൾക്ക് ഗ്രാന്റ് നൽകുന്നത് എന്തോ വലിയ ത്യാഗം സഹിക്കുന്നതിന് സമാനമായ രീതിയിലാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിൽ പ്രസംഗിച്ചത്. എന്നാൽ അത് ത്യാഗം അല്ല, സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. ക്ഷേത്രങ്ങളും കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളും ഭൂമിയും കവനെന്റിലൂടെ ദേവസ്വം ബോർഡിലേക്ക് ചേർത്തപ്പോൾ ആ കവനെന്റ് പ്രകാരം നൽകുന്ന നഷ്ടപരിഹാരം മാത്രമാണ് ഈ തുക. എന്നാൽ കോടിക്കണക്കിന് വില വരുന്ന പതിനായിരക്കണക്കിന് ഏക്കർ ദേവസ്വം ഭൂമി സംരക്ഷിക്കാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് പാളയം ഗണപതി ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടെ നഷ്ടമായ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. സർക്കാരോ ദേവസ്വം ബോർഡോ ത്യാഗം സഹിച്ച് ക്ഷേത്ര ഭരണം നടത്തേണ്ട ആവശ്യമില്ല എന്ന് കേരളത്തിലെ വിശ്വാസികൾ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് ബിജെപിക്കും പറയാനുള്ളത്: ഖജനാവിൽ നിന്ന് പണം മുടക്കി ക്ഷേത്രകാര്യം നടത്തേണ്ട ആവശ്യമില്ല. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടു നൽകണം.പ്രസംഗത്തിനു വേണ്ടിയാണെങ്കിലും മുഖ്യമന്ത്രി ഭഗവത് ഗീത പഠിച്ചത് നന്നായി. ഗീത ഉൾപ്പെടെയുള്ള ഭാരതീയ പുരാണങ്ങൾ മനുഷ്യനെ നന്മയിലേക്ക് നയിക്കാറുണ്ട്. അത്തരം വെളിച്ചം മുഖ്യമന്ത്രിക്കും ഉണ്ടാകട്ടെ. ദേവസ്വം ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടതുമുന്നണിയിലെ മന്ത്രിമാരും അല്ലാതെ യഥാർത്ഥ ഭക്തരെ ആരെയും പമ്പയിലെ സംഗമത്തിൽ കണ്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *