മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി ബിജെപി
ന്യൂഡല്‍ഹി: മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്. എംപിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.കോഴിക്കോട് നടന്ന കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മതവിദ്വേഷം നടത്തിയെന്ന് വ്യക്തമാക്കുന്നത്.സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്നാണ് പരാതി. സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ഇതിനു ശേഷം ആർഎസ്എസും ബിജെപി സർക്കാരും മുസ്ലീങ്ങൾക്കെതിരെ ആണെന്നും ബ്രിട്ടാസ് പ്രസംഗിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.മുസ്ലീം വിഭാഗത്തില്‍ വിദ്വോഷവും ഭയവും തീര്‍ത്ത് സംസ്ഥാനത്തെ തകര്‍ക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് ആവശ്യമെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകള്‍ തീവ്രവാദം ശക്തമാക്കാനെ ഉപകരിക്കുകയുള്ളു. അതേ വേദിയില്‍ തന്നെ സംഘപരിവാറിനെ നേരിടാന്‍ മുസ്ലീങ്ങളെല്ലാം സിപിഐഎമ്മിന്റെ കീഴില്‍ അണിനിരക്കണമെന്നുമാണ് മുഖ്യമന്ത്രി ആഹ്വനം ചെയ്യുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.