യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളിൽ ഡിജിറ്റല്‍ സംഭരണ സംവിധാനങ്ങള്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ലുലു ഗ്രൂപ്പ്

Spread the love

യു എ ഇ സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റല്‍ സംഭരണ സംവിധാനങ്ങള്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ലുലു ഗ്രൂപ്പ്. യു എ ഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റല്‍ സംഭരണ സഹകരണത്തിനുള്ള കരാറില്‍ ലുലു ഹോള്‍ഡിങ്ങ്‌സ് ഒപ്പ് വെച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സംഭരണ സിസ്റ്റം പഞ്ച് ഔട്ട് പ്ലാറ്റ്‌ഫോമുമായി ചേര്‍ന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ലുലുഓണ്‍ പ്രവര്‍ത്തിക്കുമെന്നു ലുലു അധികൃതര്‍ അറിയിച്ചു.


ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ യു എ ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സെക്ടര്‍ അണ്ടര്‍ സെക്രട്ടറി മറിയം മുഹമ്മദ് അല്‍ അമീരിയും ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം എയും ഒപ്പുവച്ചു. ബി ടു ബി ബിസിനസ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ലുലുഓണ്‍. സര്‍ക്കാരിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പഞ്ച് ഔട്ട് സംഭരണ സംവിധാനത്തില്‍ സ്ട്രീംലൈന്‍ ചെയ്ത് തന്നെ ലുലുവിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാനാകും. സപ്ലയര്‍ ഇടപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംഭരണ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ് ലുലുഓണ്‍ പ്ലാറ്റ്‌ഫോം.

യു എ ഇയുടെ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ പങ്കാളിത്തം. ശക്തവും സുതാര്യവുമായ ഫിനാന്‍ഷ്യല്‍ സിസ്റ്റം ഉറപ്പാക്കുന്നതിന് കരുത്ത് പകരുന്നതാണ് ലുലുവുമായുള്ള സഹകരണമെന്ന് യു എ ഇ മന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി പറഞ്ഞു. യു എ ഇയുടെ വികസനത്തിന് സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തം കരുത്തേകുമെന്നും യു എ ഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.


ഫുഡ്- ഗ്രോസറി, ഇലക്ട്രോണിക്‌സ്, ആക്‌സസറീസ്, ഓഫീസ് ഉപകരണങ്ങള്‍ അടക്കം ലുലുവിന്റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച നിരക്കിലാണ് ‘ലുലുഓണ്‍’ പ്ലാറ്റ്‌ഫോമില്‍ യു എ ഇ മന്ത്രാലയങ്ങള്‍ക്കായി ഉറപ്പാക്കിയിരിക്കുന്നത്. യു എ ഇ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും മികച്ച നിരക്കില്‍ ആഗോള ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ഓര്‍ഡര്‍ ചെയ്താല്‍ എത്രയും വേഗം ഉത്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യും. 35 വിഭാഗങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം ഉത്പന്നങ്ങള്‍ ലുലുഓണ്‍ പ്ലാറ്റ്‌ഫോമിലൂടെ ഓര്‍ഡര്‍ ചെയ്യാനാകുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *