മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു
ചിറയിൻകീഴ് മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സൺ, വിനീത് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യാഴം രാവിലെ 6.20 ഓടെയാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിൻ്റെ ഇൻഫൻ്റ് ജീസസ് എന്ന വള്ളമാണ് മീൻപിടിച്ച് കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞത്. വള്ളത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. എല്ലാവരെയും മറ്റ് തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന ആറാമത്തെ അപകടമാണിത്.