പ്രധാനമന്ത്രി അമേരിക്കയിൽ, ട്രംപുമായി കൂടിക്കാഴ്ച നടത്തും; വിലങ്ങുവച്ച് നാട് കടത്തിയ സംഭവം ചര്‍ച്ച ചെയ്യുമോയെന്ന് ഉറ്റു നോക്കി രാജ്യം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊര്‍ജ്ജ സഹകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയേക്കും. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനാല്‍ മോദിയുടെ സന്ദര്‍ശനം ഇന്ത്യക്ക് നിര്‍ണായകമാണ്. അതേസമയം ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവം ചര്‍ച്ചയില്‍ വരുമോയെന്നതും പ്രധാനമാണ്.
വാഷിങ്ങ്ടണിന് സമീപം ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൊടുംശൈത്യം അവഗണിച്ച് നിരവധി ഇന്ത്യാക്കാരാണ് മോദിയെ സ്വീകരിക്കാനെത്തിയത്.
ഡൊണാൾഡ് ട്രംപ് രണ്ടാമത് പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ സന്ദർശനവുമാണിത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാകും മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുക. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തേക്കും.
“അൽപ്പം മുമ്പ് വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങൾ അടുത്ത് പ്രവർത്തിക്കുന്നത് തുടരും,” എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.