ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; കോടികൾ തട്ടിയെടുത്ത പ്രതി പിടിയിൽ
ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ ഡോക്ടറുടെ രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത പ്രതി കാസർഗോഡ് പിടിയിൽ. നിരവധി തട്ടിപ്പു കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദിനെയാണ് കാസർഗോഡ് പൊലീസ് പിടികൂടിയത്. കാസർഗോട്ടെ ഡോക്റിൽ നിന്ന് ഓൺലൈൻ നിക്ഷേപ വാഗ്ദാനം നടത്തി രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പയ്യന്നൂർ സ്വദേശിയായ മുഹമ്മദ് നൗഷാദിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ നിക്ഷേപ വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തത്. 2024 മെയ് 17 മുതൽ ജൂൺ നാല് വരെ വിവിധ തവണയായാണ് പണം തട്ടിയെടുത്തത്. വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തും, ഓൺ ട്രേഡിംഗിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തും വിവിധ സംസ്ഥാനങ്ങളിലായി പ്രതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2024 ൽ മുംബൈ പൊലീസെന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് പണം തട്ടിയ കേസിൽ എറണാകുളം ഇൻഫോ പാർക്ക് പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് നൗഷാദ്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിനകത്തും പുറത്തുമായി ഒളിവിൽ കഴിയുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ടെലഗ്രാം വഴിയും ഫോൺ വഴിയും ആളുകളുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പയ്യന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പെരിങ്ങോം, കുമ്പള പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പ്രതി ബന്ധം പുലർത്തിയിരുന്നതായി രേഖകൾ പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.