ആരോഗ്യവകുപ്പ് കേരളത്തിന്റെ ശാപം: മുഖ്യമന്ത്രി ഉത്തരവാദിത്തം മറക്കുന്നു: കെ സുരേന്ദ്രൻ
ആരോഗ്യവകുപ്പിന്റെ വീഴ്ച്ച കാരണം ജനങ്ങൾ നെട്ടോട്ടമോടുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രോഗികൾ ആശുപത്രിയിൽ കിടന്നാൽ കെട്ടിടം ഇടിഞ്ഞുവീഴുന്നു. ശസ്ത്രക്രിയകൾ പരസ്പരം മാറി പോകുന്നു. മരുന്ന് മാറിനൽകുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകൾ ഇല്ല. എവിടെയും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമില്ല. നിപ പോലുള്ള മാരക രോഗങ്ങൾ തിരിച്ചെത്തുന്നു. ഈ സന്ദർഭത്തിൽ മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയ്ക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് ബിജെപി സിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം വിറങ്ങലിച്ച് നിൽക്കുന്ന സമയം തന്നെ മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശയാത്ര തിരഞ്ഞെടുത്തത് ശരിയായില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് പാവപ്പെട്ടവർ മാത്രമല്ല പണക്കാർ വരെ ഇപ്പോൾ സർക്കാർ ആശുപത്രിയിലാണ് പോകുന്നതെന്നാണ്. എന്നിട്ടാണോ തെമ്മാടി രാജ്യമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ അമേരിക്കയിലേക്ക് തന്നെ അദ്ദേഹം പോയത്. ഭരണാധികാരി സ്വന്തം കാര്യം മാത്രം നോക്കിയാൽ ആ നാട് നശിക്കും. അത്തരം അവസ്ഥയിലേക്ക് പിണറായി വിജയൻ അധപതിച്ചു. ആരോഗ്യവകുപ്പാണ് ഈ നാടിൻ്റെ ഏറ്റവും വലിയ ശാപം. ഇത്രയും ആളുകൾ എത്തുന്ന ഇവിടെ സമരം ചെയ്യേണ്ടി വരുന്നത് സങ്കടകരമാണ്. ആരോഗ്യമേഖലയ്ക്ക് കേന്ദ്രം നൽകുന്ന തുക സർക്കാർ എന്തിനു വേണ്ടിയാണു ഉപയോഗിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു ജില്ല പ്രസിഡന്റ് കെപി പ്രകാശ് ബാബു പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്, എൻ. പി. രാധാകൃഷ്ണൻ, നവ്യ ഹരിദാസ്, കെ. ഗണേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ സ്വാഗതവും അഡ്വ. രമ്യ മുരളി നന്ദിയും രേഖപെടുത്തി. എം. സുരേഷ്, ഷിനു പിണ്ണാണ്ണത്ത്, എം. രാജീവ് കുമാർ,ടി. റെ നീഷ്,ജോയ് വളവിൽ, അനുരാധ തായാട്ട്, അഡ്വ. സബിത വിനയകുമാർ,ശശിധരൻ നാരങ്ങയിൽ, ടി. പി. സുരേഷ്,രമണി ഭായ്, പി. കെ. അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.