ദുരന്തമായി കൊടകര അപകടം; മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

Spread the love

കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), ആലീം (30) എന്നിവരാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. മൂന്നുപേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.

ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. അതിഥി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിൽ 17 പേർ ഉണ്ടായിരുന്നു. ഇന്നലെ രാത്രി സംഭവ സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകുവാൻ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. വലിയ ശബ്‍ദം കേട്ടതിനെ തുടർന്ന് കുറച്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ആണ് ഇടിഞ്ഞ് വീണത്.

അതേസമയം ശക്തമായ കാറ്റിലും മഴയിലും തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാലക്കുടി പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. മിന്നല്‍ ചുഴലിയില്‍ പലയിടങ്ങളിലും മരങ്ങളും കടപുഴകി വീണു.

Leave a Reply

Your email address will not be published. Required fields are marked *