ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക
ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം കൃത്യമായി പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ തിരിച്ച് മടങ്ങിയതായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായിരിക്കുന്നത്.അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിൽ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. പസഫിക് സമുദ്രത്തിന് കുറുകെ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. യുഎസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങളാണ് ഇത്തരത്തിൽ പറന്നുയർന്നത്.മിഡിൽ ഈസ്റ്റിൽ ഏകദേശം 19 യുഎസ് സൈനിക താവളങ്ങളാണുള്ളത്. അവയിൽ ഏകദേശം 40,000 യുഎസ് സൈനികരും താമസിക്കുന്നുണ്ട്. ഇസ്രയേലിനൊപ്പം യുഎസും ഈ പോരാട്ടത്തിൽ പങ്കുചേർന്നാൽ ഈ സൈനികർ സുരക്ഷിതരായിരിക്കില്ലെന്ന് ഇറാൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഇറാൻ ഇസ്രയേൽ ആക്രമണം ആരംഭിച്ച് ആദ്യമായാണ് അമേരിക്കയുടെ ഇടപെടൽ.ഇറാനിൽ ആറ് ആണവ കേന്ദ്രങ്ങളാണുള്ളത്. അതിൽ അമേരിക്ക ലക്ഷ്യമിട്ട മൂന്നെണ്ണം വളരെ പ്രധാനപ്പെട്ടവയാണെന്നാണ് വിവരം. ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇസ്രായേലിനോട് പറയാൻ കഴിയില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.