പൂവച്ചൽ ഖാദർ ഫിലിം – സീരിയൽ – മീഡിയാ അവാർഡ് പ്രഖ്യാപനം
തിരുവനന്തപുരം :മലയാളം ഹൃദയത്തിലേറ്റിയ ചലച്ചിത്ര നാടക, ലളിതഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രശസ്ത ഗാന രചയിതാവും, കവിയുമായ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാനാകാത്ത സംഭാവനകൾ നൽകി വിട പറഞ്ഞ പൂവച്ചൽ ഖാദറിൻ്റെ സ്മരണാർത്ഥം കലാ- സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം.അദ്ദേഹത്തിൻ്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സിനിമാ- സീരിയൽ – മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തുന്ന പ്രതിഭകളായ വ്യക്തത്വങ്ങൾക്ക് നൽകുന്ന പുരസ്ക്കാരമാണ് പൂവച്ചൽ ഖാദർ ഫിലിം -ടെലിവിഷൻ മീഡിയാ – അവാർഡ്.ഈ വർഷത്തെ പൂവച്ചൽ ഖാദർ ഫിലിം – സീരിയൽ – മീഡിയ അവാർഡ് വിതരണം ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 6.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ചെയർമാൻ അഡ്വ. ഐബി സതീഷ്. എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന പുരസ്ക്കാര വിതരണ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. അടൂർ ഗോപാല കൃഷ്ണൻ, ഡോ. ജോർജ്ജ് ഓണക്കൂർ എം.എൽ.എ മാരായ വി. ശശി, വി.കെ പ്രശാന്ത്, എം. വിൻസെൻ്റ് വിൻ, അഡ്വ. ജി. സ്റ്റീഫൻ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ പുരസ്ക്കാര സമർപ്പണം നിർവ്വഹിക്കുമെന്ന് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറാം പ്രസിഡൻ്റ് പൂവച്ചൽ സുധീർ അറിയിച്ചു.