കണ്ണൂരിലെ ഇടത് കേന്ദ്രങ്ങളില്‍ ബിജെപിയ്ക്ക് വോട്ട് വര്‍ധിച്ചു; പ്രത്യേക പ്രതിഭാസം – എം.വി. ജയരാജന്‍

Spread the love

കണ്ണൂര്‍: കണ്ണൂരിലെ ഇടതുകേന്ദ്രങ്ങളില്‍ ബി.ജെ.പിയ്ക്ക് വോട്ട് വര്‍ധിച്ചെന്ന തുറന്ന് പറച്ചിലുമായി ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ എം.വി. ജയരാജന്‍. ഇതൊരു പ്രത്യേക പ്രതിഭാസമാണെന്നും സി.പി.എമ്മിന്റെ വോട്ട് ബി.ജെ.പിയിലേക്ക് പോയെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘1977-ല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ കോണ്‍ഗ്രസ് ജയിച്ചു. ഇത്തവണ ബി.ജെ.പി. വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ചില കേന്ദ്രങ്ങളില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ബി.ജെ.പിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവര്‍ക്ക് 2019-ല്‍ കിട്ടിയ വോട്ട് കിട്ടിയിട്ടില്ല. എന്നാല്‍ ഇടതുപക്ഷത്തിനും കിട്ടിയിട്ടില്ല. ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അത് ആഴത്തില്‍ പരിശോധിക്കണം.’ -എം.വി. ജയരാജന്‍ പറഞ്ഞു.‘പ്രാഥമികമായി പരിശോധിച്ചപ്പോള്‍ യു.ഡി.എഫിന് അനുകൂലമായൊരു ജനവിധിയാണ് ഉണ്ടായിട്ടുള്ളത്. എന്തെല്ലാം ഘടകങ്ങളാണ് ഇതിനിടയാക്കിയതെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ വിലയിരുത്താന്‍ കഴിയൂ. ജനവിധി അംഗീകരിക്കുകയാണ്. പാര്‍ട്ടിയ്ക്കും എല്‍.ഡി.എഫിനുമുണ്ടായ തിരിച്ചടിയെ കുറിച്ച് വിശദമായ പരിശോധന നടത്തി അതില്‍നിന്ന് തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങള്‍ പഠിച്ചും ജനങ്ങളെ കൂടുതല്‍ അണിനിരത്താനും ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സര്‍ക്കാരിനെ കുറിച്ചോ ഉണ്ടായ ധാരണകളെന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടും.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ഉള്‍പ്പെടെ ബി.ജെ.പിയ്ക്ക് വോട്ട് വര്‍ധിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *