നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തലസ്ഥാന നഗരിയിൽ നവംബർ 26 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
തിരുവനന്തപുരം :നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു.ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. ഈ സംഗീത വിരുന്നിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ നാവിക സംഗീതജ്ഞർ ബാൻഡ് പ്രകടനം അവതരിപ്പിക്കും. പാശ്ചാത്യ, ക്ലാസിക്കൽ, ജനപ്രിയ, ഇന്ത്യൻ, മറ്റ് സംഗീത രൂപങ്ങൾ മുതൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത ശേഖരം വരെ ബാൻഡിൽ ഉൾപ്പെടും.ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാൻഡ് 1945-ൽ മുംബൈയിൽ കമ്മീഷൻ ചെയ്തു. ലെഫ്റ്റനന്റ് കമാൻഡർ എസ്.ഇ. ഹിൽസിന്റെ നേതൃത്വത്തിൽ 50 സംഗീതജ്ഞരുണ്ടായിരുന്നു.ഇന്ന്, ഇന്ത്യൻ നാവികസേനയുടെ ബാൻഡ് രാജ്യത്തുടനീളമുള്ള 15 ബാൻഡ് ടീമുകളിലായി 500 സംഗീതജ്ഞർ ഉൾപ്പെടുന്ന സംഘമായി വളർന്നിരിക്കുന്നു. നാവികസേനയുടെ പരിശീലന സ്ഥാപനങ്ങളിലും ബാൻഡുകളുണ്ട്. ദക്ഷിണ നാവിക ആസ്ഥാനത്തിൻ്റെ കീഴിൽ ഏഴ് ബാൻഡ് സംഘങ്ങളിലായി ഏകദേശം 160 സംഗീതജ്ഞർ പ്രവർത്തിച്ച് വരുന്നു.

