മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ സിബിജി പ്ലാന്‍റ് സ്ഥാപിക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

Spread the love

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാന്‍റ് എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ, വയോജനങ്ങൾ എന്നിവരെ മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമാക്കണമെന്നും നഗരത്തെ കുറിച്ച് നല്ല വിശേഷണങ്ങളുള്ളത് പോലെ വൃത്തിയുള്ള നഗരമെന്ന അഭിപ്രായം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രി സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വൃത്തി കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *