ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദഗ്ധരുടെ പട്ടിക പുറത്ത്; ആദ്യ നാലിൽ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ വി നന്ദകുമാർ

Spread the love

ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ദ്ധർ. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മേഖലയിലെ മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ​ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാറാണ് നാലാം സ്ഥാനത്ത്.

ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയത്തിനും, റീട്ടെയിൽ മേഖലയിലെ നവീന മാർക്കറ്റിങ്ങ് സ്ട്രാറ്റജികൾക്കുമുള്ള അം​ഗീകാരം കൂടിയായി ഇത്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് പട്ടിക പുറത്തിറക്കിയത്. ദുബൈയിൽ നടന്ന പ്രമുഖ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സമിറ്റിലായിരുന്നു പട്ടിക പ്രകാശനം.

വിവിധ മേഖലയിൽ നിന്നുള്ള വിദ്​ഗധരായ ജുറി പാനലാണ് പട്ടിക തയാറാക്കിയത്. ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് ഗ്രോത്ത്, നവീന ആശയങ്ങൾ, ക്രൈസിസ് കമ്മ്യൂണിക്കേഷൻ, നേതൃത്വ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്ങ്. ഡിജിറ്റൽ മാറ്റങ്ങളും, എ ഐ മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിംഗ് നയങ്ങളും കൂടി പരി​ഗണിച്ചാണ് പട്ടിക തയാറാക്കിയത്.

മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാറ്റത്തിന് നേതൃത്വം നൽകുന്നു. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെയുള്ള പ്രൊഫഷണൽ ടീമിനെ അദ്ദേഹം നയിക്കുന്നു. സ്ഥാപകനും ചെയർമാനുമായ എം എ യൂസഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

‌2024-ൽ അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ്ങ് പ്രൊഫഷണലായി ഫോബ്സ് മാ​ഗസിൻ നേരത്തെ നന്ദകുമാറിനെ തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ​ഗൾഫ് മേഖയിൽ കമ്മ്യൂണിക്കേഷൻ രം​ഗത്ത് സജീവമാകുന്നതിന് മുൻപ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യയിലും, ഇന്ത്യൻ എക്സ്പ്രസിന്റെയും
ഭാ​ഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *