ഗവര്‍ണര്‍മാരുടെ വിരുന്ന് മാസപ്പടിക്കേസില്‍നിന്ന് തലയൂരാന്‍ഃ കെ സുധാകരന്‍ എംപി
മാസപ്പടി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഗവര്‍ണര്‍മാര്‍ക്ക് വിരുന്നൊരുക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരള ഹൗസില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഇത്. മാസപ്പടി കേസ് നിര്‍ണയാക ഘട്ടത്തിലേക്കു കടക്കുമ്പോഴാണ് മുഖ്യമന്ത്രിയുട അസാധാരണനീക്കം. ബിജെപിയുമായുള്ള ഡീലുകളുടെ തുടര്‍ച്ചയാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസില്‍ പിണറായി വിജയനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറക്കിവിട്ടത്. മന്ത്രിയും രണ്ടു തവണ എംഎല്‍എയും എംപിയും കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷയുമായ ശ്രീമതി ടീച്ചറെപ്പോലെയുള്ള ഒരാള്‍ക്ക് ഇതാണ് അവസ്ഥ. പിന്തുണ മാത്രം പോരാ പിണറായി വിജയന്. സൂര്യന്‍, ചന്ദ്രന്‍, അര്‍ജുനന്‍, യുദ്ധവീരന്‍ തുടങ്ങിയ സ്തുതികള്‍കൊണ്ട് മുഖ്യമന്ത്രിയെ മൂടാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. സ്തുതിച്ചിട്ടുപോലും എകെ ബാലനെപ്പോലുള്ള പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവിന് നിന്നു പിഴക്കാനാകുന്നില്ല.
പികെ ശ്രീമതിക്ക് വിലക്കേര്‍പ്പെടുത്തിയത് സംഘടനാപരമായ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവന്ദന്‍ പറയുമ്പോള്‍, വിലക്കേയില്ലെന്ന് ദേശീയ സെക്രട്ടറി എംഎ ബേബി പറയുന്നു. ദേശീയ സെക്രട്ടറിയുടെ നിലപാടിനെയാണ് സംസ്ഥാന സെക്രട്ടറി നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ദേശീയ സെക്രട്ടറിയെന്നൊക്കെ പറയുന്നത് വെറുതെ അലങ്കാരത്തിനാണെന്ന് ബേബിക്കുമറിയാം. പിണറായി വിജയന്‍ ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്നവരാണ് ദേശീയ നേതാക്കളെന്നു പറയപ്പെടുന്നവര്‍.
ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടിട്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം ഏബ്രഹാമിനെ പുറത്താക്കാതെ സംരക്ഷിക്കുന്നത് അധികം വൈകാതെ തനിക്കും ഇതേ അവസ്ഥ വരുമ്പോള്‍ രാജിവയ്ക്കാതിരിക്കാനുള്ള മുന്‍കരുതലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ വന്നാല്‍ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുക ചെയ്യാം. എന്നാല്‍ കെഎം ഏബ്രഹാമിനെ മുഖ്യമന്ത്രി കൃഷ്ണമണി പോലെ സംരക്ഷിക്കുകയാണ.് ഇത് കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയാക്കും. കെഎം ഏബ്രഹാമിനെ ഉടനടി പുറത്താക്കിയില്ലെങ്കില്‍ നിയമനടപടികളിലേക്കു നീങ്ങുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്കി.