മയക്കു മരുന്നിനെതിരെ കാട്ടാക്കടയിൽ മാസ് ക്യാമ്പെയിൻമേയ് 10 ന് വൈകിട്ട് നാലിന് മാനവ ശൃംഖല

Spread the love

ളനത്തിന്‍രെ റിലീസ്

തിരുവനന്തപുരം/കാട്ടാക്കട: മയക്കു മരുന്ന് എന്ന മാരകവസ്‌തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാനാവുന്നതല്ല. അത് വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും തകർക്കുന്നു. ഉറ്റവരെയും ഉടയവരെയും കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോര കുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻ്റെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗ്ഗമില്ല.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ നാട് ഒന്നിക്കുകയാണ്. മതവും ജാതിയും രാഷ്ട്രീയവും മറ്റെല്ലാ വേർതിരിവുകളും മാറ്റിവെച്ച്‌ മനുഷ്യനെന്നനിലയിൽ നമ്മൾ ഐക്യപ്പെടുകയാണ്. നമ്മുടെ കുട്ടികൾ മനുഷ്യരായി തന്നെ വളരാൻ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനങ്ങളാകെ 2025 മെയ് 10 ശനിയാഴ്ച്‌ച വൈകിട്ട് നാലിന് ഒരുമിച്ചൊരു ചങ്ങലയാകുന്നു. മയക്കുമരുന്നിനെതിരായ ഈ “മാനവ ശൃംഖല” കുണ്ടമൺകടവിൽ ആരംഭിച്ച് മണ്ഡപത്തിൻകടവ് വരെ നീളും.
മെയ് 2 രാവിലെ എട്ടിനാണ് “മയക്കുമരുന്നിനെതിരെ കാട്ടാക്കട’ ക്യാമ്പെയിൻ്റെ ഔദ്യോഗിക ഉദ്ഘാടനം. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദിവ്യ അയ്യർ ഐ.എ.എസ് മുഖ്യാതിഥിയാകും. യുവതീ-യുവാക്കളെ ഇൻഫ്ലുവൻസ് ചെയ്യുന്ന തിരുവനന്തപുരത്തെ പ്രമുഖ വ്ളോഗർമാർ വിദ്യാർത്ഥികളുമായി സംവദിക്കും. ഇതോടനുബന്ധിച്ച് കുട്ടികളുടെ കളരിപ്പയറ്റ്, സൂംബ ഡാൻസ്, മറ്റ് കലാപരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടക്കും.
ഏപ്രിൽ 25 മുതൽ നാടിനാകെ മാതൃകയാകുന്നൊരു മാസ് ക്യാമ്പെയിന് സാക്ഷ്യം വഹിക്കുകയാണ് കാട്ടാക്കട. ലഹരിക്കെതിരെ വിദ്യാർത്ഥികളെയും യുവതീ-യുവാക്കളെയും അണിനിരത്തുന്ന കൂട്ട് എന്ന പദ്ധതി ഇപ്പോൾ മാസ്ക്യാമ്പെയിനായി മാറിയിരിക്കുന്നു. മലയിൻകീഴ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കാട്ടാക്കട മണ്ഡലത്തിലെ ഓരോ വാർഡുകളിലും കയറിയിറങ്ങി ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നു. ഒപ്പം സർവേയും നടത്തുന്നുണ്ട്. ഓരോ വാർഡിലും 10 എൻ.എസ്.എസ് വോളണ്ടിയർമാർ വീതം മൂന്നു ദിവസം താമസിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടക്കട ഗ്രാമപഞ്ചായത്തിലെ കൊമ്പാടിക്കൽ വാർഡ്, എട്ടുരുത്തി വാർഡ്, പള്ളിച്ചൽ പഞ്ചായത്തിലെ വെടിവച്ചാംകോവിൽ വാർഡ് എന്നിവിടങ്ങളിലാണ് ക്യാമ്പെയിന് തുടക്കമിട്ടത്. ഓരോ ദിവസവും നൂറുവീടുകൾ സന്ദർശിച്ച് ലഹരിക്കെതിരെ ബോധവത്കരണം നടത്തും. വാർഡിലെ വിദ്യാർത്ഥികളടക്കമുള്ള കുട്ടികളെ സംഘടിപ്പിച്ച് വൈകുന്നേരങ്ങളിൽ കലാപരിപാടികളും അന്നത്തെ വീടുസന്ദർശനത്തിൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. ഈ വേനലവധിയിൽ മൊബൈൽ, ടി.വി എന്നിവയിൽ നിന്നും കുട്ടികളെ മോചിപ്പിച്ച് കലാകായിക അനുഭവങ്ങളുടെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ലഹരി ഉപയോഗത്തിനെതിരെ മത രാഷ്ട്രീയ ഭേദമന്യേയാണ് കാട്ടാക്കട ഒരുമിക്കുന്നത്. മണ്ഡലത്തിലെ 120 വാർഡുകളിലായി 2000ത്തോളം വോളണ്ടിയർമാരാണ് ലഹരിവിരുദ്ധ സന്ദേശവുമായെത്തുന്നത്. വിദ്യാർത്ഥികൾ മണ്ഡലത്തിലെ ഓരോ വാർഡുകളിലും താമസിച്ച് ക്യാമ്പെയിൻ നടത്തുന്നുവെന്നതാണ് ഈ ക്യാമ്പെയിൻ്റെ പ്രത്യേകത. വീടുകളിലെ സാഹചര്യം മനസിലാക്കി, അവിടുത്തെ കുട്ടികളെ ജീവിതത്തിലേക്ക് കൂടുതൽ ദിശാബോധം പകർന്നു നൽകാനും ലഹരിയിൽ നിന്ന് അകറ്റി നേർവഴിക്ക് നയിക്കാനും ഇത് സഹായകമാകും.
മാസ് ക്യാമ്പെയിനും മനുഷ്യചങ്ങലയും സംബന്ധിച്ച് ഐ.ബി.സതീഷ് എം.എൽ.എ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ .കെ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.സുരേഷ് കുമാർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
വൽസലകുമാരി, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ, വിളവൂർക്കൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. ലാലി കുമാരി, പള്ളിച്ചൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രാകേഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് S.K. പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദുലേഖ, കാട്ടാക്കട ഡിവൈ.എസ്.പി ഷിബു , എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ ഷിബു B.L തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *