കൊറിയർ ട്രാക്കിങ് സൗകര്യം ദുരുപയോഗം ചെയ്ത് തട്ടിപ്പുസംഘം കേരളത്തിലും പുറത്തും വിലസുന്നു

Spread the love

ഓൺലൈൻ പർച്ചേസുകളെപോലെ കൊറിയറുകളും ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഏവർക്കും ഗുണകരമാണ്. എന്നാൽ കൊറിയർ ട്രാക്കിങ് സൗകര്യം ദുരുപയോഗം ചെയ്ത് തട്ടിപ്പുസംഘം കേരളത്തിലും പുറത്തും വിലസുന്നു. കൊറിയർ നിശ്ചിത ദിവസം എത്തുന്നതിൽ അപ്രതീക്ഷിത തടസ്സമുണ്ടായെന്നും ഇതുമൂലമുണ്ടായ അധിക ചെലവ് ഇനത്തിൽ അഞ്ചു രൂപ കൂടി അടയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുക. ഹിന്ദിയിലാണ് ഡൽഹിയിൽ നിന്നുള്ള ഈ സംസാരം വരിക. പണം അടച്ചില്ലെങ്കിൽ കൊറിയർ തിരിച്ചയയ്ക്കും എന്ന ഭീഷണിയാണ് അടുത്തത്. അപ്പോൾ നാം 5 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് പറയും. അത് പറ്റില്ല. അവർ പറയുന്ന വെബ്സൈറ്റ് മുഖേന തന്നെ അടക്കണം. ഇതോടെ നമ്മുടെ അക്കൗണ്ട് നമ്പറും പാസ്‌വേഡും ഇവർ കൈക്കലാക്കുന്നു. പിന്നീട് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് നമ്മൾ പോലും അറിയുകയില്ല .ചെറിയ തുകയായതിനാൽ ഭൂരിഭാഗം പേരും ഈ പണം നൽകാൻ തയ്യാറാവുന്നു. എന്നാൽ കൊറിയർ സ്ഥാപനവുമായി യാതൊരു ബന്ധവും ഈ തട്ടിപ്പ് സംഘത്തിനില്ല എന്നതാണ് വസ്തുത. കൊറിയർ സ്ഥാപനത്തിൽ വിളിച്ച് വിവരം തിരക്കുന്നവരോട് മാത്രമാണ് ഇങ്ങനെയൊരു സംഭവം ഇല്ലെന്നും പണം നൽകരുതെന്നും സ്ഥാപനനടത്തിപ്പുകാർ പറയുന്നത്.കുറഞ്ഞ തുക മാത്രമാണ് ചോദിക്കുന്നത് എന്നതിനാൽ കൊറിയർ മുടങ്ങരുത് എന്ന് കരുതി എല്ലവരും പണം അയക്കും എന്ന സാധ്യത മുതലെടുത്താണ് തട്ടിപ്പുകാർ വിലസുന്നത്. ദിനവും ലക്ഷക്കണക്കിന് കൊറിയറുകളാണ് സംസ്ഥാനത്ത് വന്നുപോവുന്നത് എന്നതിനാൽ വലിയൊരു തുക തന്നെ തട്ടിപ്പുസംഘത്തിന് ലഭിക്കും.അതേസമയം കൊറിയർ ലഭിക്കേണ്ടവരുടെ ഫോൺനമ്പർ തട്ടിപ്പുസംഘം കൈക്കലാക്കുന്നത് തടയുന്നതിനും ഇത്തരമൊരു തട്ടിപ്പ് ഇല്ലാതാക്കുന്നതിനും വേണ്ട നടപടികൾക്ക് കൊറിയർ സ്ഥാപനങ്ങൾ തന്നെ മുൻകൈയെടുക്കണമെന്ന ആവശ്യം നിരവധി പേർ ഉന്നയിക്കുന്നുണ്ട്. ചാർജ് നൽകി കൊറിയർ അയച്ചുകഴിഞ്ഞാൽ പിന്നീട് സ്ഥാപനം അധികം പണം ആവശ്യപ്പെടില്ലെന്നുള്ള ബോധ്യം ഉപയോക്താവിനും ഉണ്ടാവേണ്ടതാണ്. ഇക്കാര്യത്തിൽ ഒരു ബോധവൽക്കരണം കൊറിയർ സ്ഥാപനങ്ങളും നടത്തണം . അല്ലാത്ത പക്ഷം തട്ടിപ്പ് സംഘം സാധാരണക്കാരുടെ പണം ഊറ്റി കൊഴുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *