സ്വിഫറ്റിലേക്ക് KSRTCയുടെ ഓൺലൈൻ റിസർവേഷൻ മാറ്റരുത്: എം.വിൻസെന്റ്
കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ ഉൾപ്പെടെ സ്വതന്ത്ര കമ്പനിയായ സ്വിഫറ്റിന്റെ വെബ് സൈറ്റിലേക്ക് മാറ്റാനുള്ള നീക്കം നിയമവിരുദ്ധവും കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തെ തകർത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കുന്നതുമാണെന്നും അതിനാൽ ഇത് നടപ്പിലാക്കരുതെന്നും റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ ബസ്സ് റിസർവേഷൻ ഒരു സ്വതന്ത്ര കമ്പനിയുടെ വെബ്സൈറ്റിലേക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും നിലവിൽ മുഴുവൻ യാത്രക്കാരും ഉപയോഗിക്കുന്ന വെബ് സൈറ്റ് പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ സ്വിഫറ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത് കോർപ്പറേഷന്റെ വരുമാനത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ സംരക്ഷിക്കാനാണ് എന്ന് അവകാശപ്പെട്ട് സർക്കാർ കൊണ്ടുവന്ന സ്വിഫറ്റ് ഇപ്പോൾ കെഎസ്ആർടിസിയെ ആകെ വിഴുങ്ങുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്നും എംഎൽഎ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പടെ സ്വിഫറ്റ് കമ്പനിക്കെതിരെ റ്റിഡിഎഫ് ഹൈക്കോടതിയിൽ നടത്തുന്ന കേസിൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.