കേരളത്തിലും സംഘപരിവാർ മേധാവിത്വത്തിന് പരിശ്രമം, ഇതിന് കോൺഗ്രസ് സഹായിക്കുന്നു: മുഖ്യമന്ത്രി
കേരളത്തിലും സംഘപരിവാർ മേധാവിത്വത്തിന് പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് കോൺഗ്രസ് സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ഇതിനെ ചെറുക്കാൻ മതനിരപേക്ഷ ശക്തികളുടെ ഐക്യ നിര ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സംഘപരിവാറിന്റെ അതേ പകർപ്പാണ് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയെന്നും ഇവരുമായും സഖ്യം ചേരുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും വിമർശിച്ചു.
“ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ യുഡിഎഫ് കൂട്ടുകെട്ട് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പാങ്ങോട് വാർഡിൽ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ എങ്ങനെയാണ് എസ്ഡിപിഐ വിജയിച്ചത്? ഇത് തൃശ്ശൂരിലെ ബിജെപി വിജയത്തിൻറെ തനിയാവർത്തനമാണ്. തരാതരം ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന താൽപര്യത്തിനെതിരാണ്. കേരളത്തെ പുകഴ്ത്തിയ സ്വന്തം നേതാവിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞു. ഇത് കേരളത്തിലെ കോൺഗ്രസിൻറെ രാഷ്ട്രീയ പാപ്പരത്വം.”- അദ്ദേഹം പറഞ്ഞു.
പദ്ധതികളെ തടയുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം നടത്തിയെന്നും പക്ഷേ ഈ സമരത്തിൽ യുഡിഎഫ് പുറംതിരിഞ്ഞു നിന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം മെച്ചപ്പെടരുത് എന്ന നിലയിൽ കോൺഗ്രസ് അധപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വീണ്ടും എൽഡിഎഫിന് അവസരം നൽകുമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു. ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ സർക്കാരിലുണ്ട്. വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും സർക്കാർ പ്രതിജ്ഞാബദ്ധം. അടിസ്ഥാനരഹിത ആരോപണങ്ങളും വ്യാജ നിർമ്മിതികളും ജനങ്ങൾ സ്വീകരിക്കില്ല. വികസന പ്രവർത്തനങ്ങൾ തുടരാൻ ജനങ്ങൾ വീണ്ടും അനുവദിക്കും.ഇതിന് വീണ്ടും അവസരം ലഭിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.കേരളത്തെ വിജ്ഞാന സമ്പദ്ഘടനയും നൂതന സമൂഹവുമായി മാറ്റും. നവ കേരളം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.