റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്
*
റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്. ലഹരി കേസില്‍ പിടിയിലായ വേടന്റെ മാലയില്‍ കണ്ടെത്തിയ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ പൊലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും കണ്ടെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു വടിവാളും വാക്കത്തിയുമാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ലഹരി കേസില്‍ പിടിയിലായ വേടനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനിടെ പൊലീസിന്റെ വേട്ടയാടലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ഉത്തരം. പിടിച്ചെടുത്ത ലഹരി മരുന്ന് തന്റേതാണെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ വേടന്റെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എല്ലാം പിന്നീട് വിശദീകരിക്കാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.