20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്, നക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും
ന്യൂഡല്‍ഹി: 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയില്‍ അദാനി ഗ്രൂപ്പ് നേരിടുന്ന വന്‍ തകര്‍ച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് എഫ്പിഒ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.”ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോര്‍ഡ് കരുതുന്നു. നിക്ഷേപകരുടെ താല്‍പര്യം പരമപ്രധാനമാണ്. അതിനാല്‍ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു.”– അദാനി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഗൗതം അദാനി പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച അവസാനിച്ച എഫ്പിഒയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദാനി വ്യക്തമാക്കി.അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ആദ്യ ദിവസങ്ങളില്‍ എഫ്പിഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ കുതിച്ചു. 4.5 കോടി ഓഹരികളാണ് എഫ്പിഒയില്‍ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി. അതേസമയം, സാധാരണ (റീട്ടെയ്ല്‍) നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്പിഒയില്‍ പങ്കെടുത്തില്ല. റീട്ടെയ്ല്‍ ക്വോട്ടയില്‍ 12% അപേക്ഷകള്‍ മാത്രം. ജീവനക്കാരുടെ ക്വോട്ടയില്‍ 55 ശതമാനവും. വന്‍കിട സ്ഥാപനങ്ങള്‍, അബുദാബി ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകള്‍ തുടങ്ങിയവയാണ് അപേക്ഷകരില്‍ ഏറെയും.സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ കൂടുതല്‍ പണം സമാഹരിക്കാനായി വീണ്ടും ഓഹരികള്‍ ഇഷ്യൂ ചെയ്യുന്ന പ്രക്രിയയാണ് ഫോളോഓണ്‍ പബ്ലിക് ഓഫര്‍ അഥവാ എഫ്പിഒ. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കിടയിലാണ് അദാനി എന്റര്‍പ്രൈസസ് എഫ്പിഒ നടത്തിയത്. ഫോര്‍ബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബര്‍ഗിന്റെ പട്ടികയില്‍ 11–ാം സ്ഥാനത്താണ് അദാനിയിപ്പോള്‍.