ടോറസ് -ചരക്കു വാഹനങ്ങൾ ഉപരോധിച്ചു

Spread the love

ടോറസ് -ചരക്കു വാഹനങ്ങൾ ഉപരോധിച്ചു. തിരുവല്ലം- പാച്ചല്ലൂർ -വാഴമുട്ടം റോഡിൽ ടോറസ് – ചരക്കു വാഹനങ്ങളുടെ അമിതഭാരവുമായുള്ള മരണപ്പാച്ചിൽ കാരണം നിരന്തരമായ അപകടങ്ങളും, അപകട മരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുൻപ് ജനകീയ പ്രതിരോധം ഉണ്ടായതിനെതുടർന്ന് കുറച്ചുദിവസം ടോറസ് വാഹനങ്ങൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ നൂറുകണക്കിന് വാഹനങ്ങൾ യഥേഷ്ടം ചരക്കുമായി ഈ റോഡിലൂടെ കടന്നു പോവുകയാണ് കഴിഞ്ഞ ഒരു വർഷത്തിനകം പത്തോളം പേരുടെ ജീവൻ പൊലിയുകയും നിരവധി പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലും വീടുകളിലുമായി ചികിൽസയിലാണ്.ഈ റോഡിൽ നടക്കുന്ന അപകടങ്ങളിൽ കൂടുതലും പുറംലോകമറിയാതെപോകുന്നു. സ്വകാര്യവാഹനങ്ങളുടെ തിരക്ക് അതിലുമേറെയാണ് വിഴിഞ്ഞം – കോവളം വഴി തമിഴ്നാട്ടിലേക്കും -തിരികെ കൊല്ലം റൂട്ടിലേക്കും പോകുന്ന ടൂറിസ്റ്റ് ബസുകളും, ടാക്സികളും മറ്റ് സ്വകാര്യ വാഹനങ്ങളും ടോൾ ഒഴിവാക്കി ഇതുവഴിയാണ് കടന്നു പോകുന്നത് . ജൂൺ മാസം സ്കൂൾ തുറന്നു മുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ രക്ഷിതാത്താക്കളും ഈ റോഡിനെ ആശ്രയിക്കുന്നു. വാഴമുട്ടം – പാച്ചല്ലൂർ തിരുവല്ലം എന്നിവിടങ്ങളിലായി അഞ്ചു സർക്കാർ സ്കൂളുകളും, നിരവധി സ്വകാര്യ സ്കൂളുകളും, ഒട്ടനവധി നഴ്സറികളും, അംഗൻവാടികളും, നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഒക്കെ ഈ റോഡരുകിൽ പ്രവർത്തിക്കുന്നു.ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ കാൽ നടയാത്രക്കാരും, ഇരുചക്രവാഹന യാത്രക്കാരും സഞ്ചരിക്കുന്നത്. തിരുവല്ലം-പാച്ചല്ലൂർ -വാഴമുട്ടം റോഡിൽ നിന്നും ടോറസ് – ചരക്ക് വാഹനങ്ങളുടെ കൂട്ടയോട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവല്ലം- കോവളം റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ എട്ടു മണിക്ക് വാഴമുട്ടത്ത് ജനകീയ പ്രതിരോധവും, റോഡ് സംരക്ഷണ പ്രതിജ്ഞയും നടത്തി സമിതി ജനറൽ കൺവീനർ പാച്ചല്ലൂർ ഡി.ജയകുമാർ അദ്ധ്യക്ഷം വഹിച്ചു. സമരം സമിതി ചെയർമാനും നഗരസഭ കൗൺസിലറുമായ പനത്തുറ പി.ബൈജു ഉത്ഘാടനം ചെയ്തു. അഡ്വ: പാച്ചല്ലൂർ നുജുമുദ്ദീൻ സ്വാഗതം പറഞ്ഞു.വിവിധ രാഷ്ട്രിയ സാമൂഹ്യ നേതാക്കളായ തിരുവല്ലം ഉദയൻ, ഷറഫുദ്ദീൻ ഹാജി, പനത്തുറ പ്രശാന്തൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, കെ.എസ് നടേശൻ, പി.എം.എസ് നവാസ്, തമ്പികടനട, പാറവിള എൻ.വിജയകുമാർ, പൂങ്കുളം ജയന്തൻ, സുരേഷ് പെരുംപള്ളി, ശ്രീകണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു. എ.എസ്.അഭിലാഷ് നന്ദി പറഞ്ഞു. സമരം ആരംഭിച്ച സമയം മുതൽ പോലീസ് തിരുവല്ലത്തും , കോവളത്തും നിലയുറപ്പിച്ച് ചരക്ക് വാഹനങ്ങൾ എൻ എച്ച് വഴി കടത്തിവിട്ടു. 9.30 ന് സമരം അവസാനിച്ച ഉടൻ പോലീസ് പിൻവാങ്ങുകയും 9.45 ന് വീണ്ടും ചരക്ക് വാഹനങ്ങൾ ഈ റോഡിലൂടെ കടത്തിവിടുകയും ചെയ്തു. ഉടൻ വിവരമറിഞ്ഞ് സമരസമിതി നേതാക്കൾ സ്ഥലത്ത് ഉണ്ടായിരുന്നവർ വാഴമുട്ടത്ത് വച്ച് വീണ്ടും ചരക്ക് വാഹനങ്ങൾ തടയുകയും പ്രതിരോധം ഏർപ്പെടുത്തുകയും ചെയ്തു.ഉപരാഷ്ട്രപതിവരുന്നതു കൊണ്ട് ഞങ്ങൾ ക്കൊന്നും ചെയ്യാൻ കഴിയില്ല. എന്നൊരു ദിവസത്തേക്ക് ഞങ്ങൾ പിരിഞ്ഞു പോകണം എന്ന് അഭ്യർത്ഥിക്കുകയും നാളെ മുതൽ ഈ വാഹനങ്ങൾ ഇതുവഴി കടത്തിവിടില്ല എന്ന് ഉറപ്പു നൽകുകയും ചെയ്തതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു അവസാനിക്കുന്നില്ല എന്നും നാളെമുതൽ ചരക്കുവാഹനങ്ങൾ റോഡ് വഴി കടന്നു വന്നാൽ ശക്തമായ സമരവുമായി തന്നെ മുന്നോട്ടു പോകുമെന്നും സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *