പാക് ഹൈക്കമ്മീഷനില്‍ കേക്കുമായി എത്തിയയാളുടെ ദൃശ്യങ്ങള്‍ വൈറല്‍! എന്ത് ആഘോഷമാണെന്നതിന് ഉത്തരം മൗനം!
പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടു ദിവസത്തിന് ശേഷം പാക് ഹൈക്കമ്മീഷനിലേക്ക് കേക്കുമായി എത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാധ്യമങ്ങള്‍ ഇയാളെ കണ്ടതിന് പിന്നാലെ എന്താണ് ആഘോഷമെന്ന് തിരക്കിയെങ്കിലും ഇതിന് മറുപടി പറയാതെ ഇയാള്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കയറിപോകുകയാണ് ഉണ്ടായത്.
ആക്രമണം നടന്നതിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടികള്‍ കൈകൊണ്ടതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പാകിസ്ഥാന്‍ ഹൈക്കമ്മിഷന് നേരെ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചപ്പോള്‍ ദില്ലി പൊലീസ് ഇതിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.അതേസമയം പഹല്‍ഗാം ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. മണിപ്പൂരിലെയും നാഗലാന്റിലെയും കാശ്മീരിലെയും പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തു.
ഇന്ത്യ വാഗ-അട്ടാരി അതിര്‍ത്തി അടച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.