പാക് താരം ഫവാദ് ഖാൻ്റെ സിനിമയുടെ ഇന്ത്യൻ റിലീസ് തടഞ്ഞു; വിലക്ക് പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച ‘അബിർ ഗുലാൽ’ എന്ന ബോളിവുഡ് ചിത്രത്തിൻ്റെ ഇന്ത്യൻ റിലീസ് തടഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഫവാദ് ഖാനും വാണി കപൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. വിവേക് ബി അഗർവാൾ നിർമ്മിച്ച് ആരതി എസ് ബാഗ്ദി സംവിധാനം ചെയ്ത ‘അബിർ ഗുലാൽ’ ഈ മാസം ആദ്യം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു. ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടിയാണ് ഫവാദ് ഖാൻ അഭിനയിച്ച സിനിമയ്‌ക്കെതിരായ എതിർപ്പ് കൂടുതൽ ശക്തമായത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിരവധി സിനിമാ തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായില്ലെന്നും നിരവധി വിനോദ സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.