പോട്ട ബാങ്ക് കവർച്ച; പ്രതി പോയത് തൃശൂർ ഭാഗത്തേക്ക് എന്ന് സൂചന
തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ളയടിച്ച സംഭവത്തിലെ പ്രതി പോയത് തൃശൂർ ഭാഗത്തേക്ക് എന്ന് സൂചന. അങ്കമാലിയിൽ എത്തിയ പ്രതി തൃശൂർ ഭാഗത്തേക്ക് മടങ്ങിയെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചികരിക്കുന്നത്. പ്രതിക്കായി പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി ഹെൽമെറ്റും ജാക്കറ്റ് ഗ്ലൗസും ധരിച്ച് ബാങ്കിൽ പ്രവേശിക്കുകയായിരുന്നു. എട്ട് പേരാണ് ബാങ്കിൽ ജീവനക്കാരായ ഉണ്ടായിരുന്നത്. മാനേജരും മറ്റൊരു ജീവനക്കാരനും ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അക്രമി ബാങ്കിൽ പ്രവേശിച്ചത്.ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിൽ അടച്ച ശേഷമാണ് പ്രതി പണം കവർന്നത്. പണം സൂക്ഷിക്കുന്ന ക്യാബിൻ കസേര ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജീവനക്കാരുടെ മൊഴി.
പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി പൊലീസിന് ഇന്നലെ രാത്രിയോടെ സൂചന ലഭിച്ചിരുന്നു. അങ്കമാലി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെ അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന മറ്റൊരു സിസിടിവി ദൃശ്യം ലഭിച്ചതായും വിവരമുണ്ടായിരുന്നു. പ്രതി പെരുമ്പാവൂർ ഭാഗത്തേക്ക് കടന്നതായുള്ള സംശയത്തെ തുടർന്ന് പെരുമ്പാവൂർ മൂവാറ്റുപുഴ മേഖലകളിലും പൊലീസ് ഇന്നലെ അന്വേഷണം ഊർജിതമാക്കിയിരുന്നു.