പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാറിലാണ് തീരുമാനം. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. വികസന സെമിനാര്‍ വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിനു കീഴിലെ അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, അഴൂര്‍, കഠിനംകുളം, മംഗലപുരം ഗ്രാമപഞ്ചായത്തുകളില്‍നടപ്പിലാക്കേണ്ട വികസന -ജനക്ഷേമ പദ്ധതികള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനായി ആവിഷ്‌കരിച്ച ഒരുമ പദ്ധതി, ആരോഗ്യ കൗമാരം , വയോമധുരം, ജലസമൃദ്ധി പദ്ധതി, ബ്ലോക്കിലെ മുഴുവന്‍ സ്‌കൂളുകളിലും ശിശു സൗഹൃദ ശുചിമുറി സ്ഥാപിക്കുന്നതിനുള്ള ശലഭം പദ്ധതി, സ്ഥിരം കൃഷി പരിപോഷിക്കുന്നതിനായി വിവിധ കാര്‍ഷിക പദ്ധതികള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫൈബര്‍ കട്ടമരം വിതരണം തുടങ്ങി ഏഴ് കോടി രൂപയുടെ വികസന പദ്ധതികളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാറില്‍ ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.