നിത്യാനന്ദയുടെ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടന്‍: പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്‌ലോറിഡ മുതല്‍ റിച്ച്മോണ്ട്, വിര്‍ജീനിയ, ഒഹിയോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കരാര്‍ ഒപ്പിട്ടവരുടെ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളില്‍നിന്ന് നിത്യാനന്ദ കരാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ‘ഫോക്സ് ന്യൂസ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്.ന്യൂജഴ്സിയിലെ നെവാര്‍ക്ക് നഗരം കഴിഞ്ഞ ദിവസം കൈലാസയുമായുള്ള ‘സഹോദരി നഗര’ കരാര്‍ (sister-city agreement) ഈ മാസമാദ്യം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കല്‍പിക രാജ്യവുമായി കരാര്‍ബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. ജനുവരി 12ന് നെവാര്‍ക്കിലെ സിറ്റി ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറില്‍ ഒപ്പുവച്ചിരുന്നത്.കരാറില്‍ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങള്‍ അറിയുന്നതെന്ന് നെവാര്‍ക്ക് വാര്‍ത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസന്‍ ഗരോഫാലോ പ്രതികരിച്ചു. ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാര്‍ അസാധുവാണ്. എന്നാല്‍ വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേര്‍ത്തു.ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നില്‍ സാങ്കല്‍പ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ജനീവയില്‍ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങള്‍ക്കുള്ള യുഎന്‍ സമിതി യോഗത്തിലെ ചര്‍ച്ചയില്‍ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.