വിഴിഞ്ഞത്തേക്കുള്ള പാറനീക്കം : പ്രശ്നങ്ങള്‍ പരിഹരിച്ചതായി മന്ത്രി ദേവര്‍കോവില്‍
തിരവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി പാറ കയറ്റിവരുന്ന ലോറികളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന മാസാന്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരം മൂലം നഷ്ടമായ ദിനങ്ങള്‍ വീണ്ടെടുക്കും വിധം രാപ്പകലില്ലാതെയാണ് തുറമുഖ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിലവില്‍ പുലിമുട്ട് നിര്‍മ്മാണം 2055 മീറ്റര്‍ ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ ആദ്യ കപ്പല്‍ എത്തിക്കുവാന്‍ കഴിയുന്ന വിധം 400 മീറ്റര്‍ ബർത്ത് ആദ്യം പൂർത്തിയാക്കും. ബ്രേക്ക് വാട്ടര്‍ പൂര്‍ത്തിയാക്കുവാനാവശ്യമായ പാറകള്‍ ഇതിനകം ശേഖരിച്ചുവരുന്നുണ്ട്. ചരക്ക് നീക്കത്തിനാവശ്യമായ നാല് വലിയ ക്രെയിനുകള്‍ മെയ് മാസത്തോടെ എത്തിച്ചേരും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ആദ്യ നൂറ് ദിനപരിപാടിയിലുള്‍പ്പെടുത്തി ഇലക്ട്രിക് സബ് സ്റ്റേഷന്‍ ഫെബ്രുവരി അവസാനത്തിലും, ഗേറ്റ് കോപ്ലക്സ് മാര്‍ച്ചിലും ഉദ്ഘാടനം ചെയ്യും. പുലിമുട്ട് നിര്‍മ്മാണം വേഗത്തിലാക്കുവാനായി പുതിയ ലോഡ് ഓപ്പറേറ്റിംഗ് പോയിന്റിന്റെ നിര്‍മ്മാണം ആരംഭിച്ചു. തുറമുഖത്തെ തൊഴിലവസരങ്ങള്‍ക്ക് പ്രദേശവാസികളെ സാങ്കേതികമായി പ്രാപ്തമാക്കുന്നതിന് അസാപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ തുറമഖു സെക്രട്ടറി ബിജു ഐ.എ.എസ്, എം.ഡി ഗോപാല കൃഷ്ണന്‍ ഐ.എ.എസ്, നിര്‍മ്മാണ കമ്പനി സി.ഇ.ഒ രാജേഷ് ത്സാ, ഓപ്പറേഷന്‍ മാനേജര്‍ സുശീല്‍ നായര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.റ്റി ജോയി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിപി അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.ഫോട്ടോ: വിഴിഞ്ഞം മാസാന്ത അവലോകനയോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവർത്തന പുരോഗതി വിലയിരുത്തുന്നു.