കലൂർ അപകടം; ഓസ്‌കർ ഇവൻ്റ്സ് ഉടമ ജെനീഷ് കസ്റ്റഡിയിൽ

Spread the love

കലൂർ സ്റ്റേഡിയം അപകടത്തിൽ ഓസ്‌കർ ഇവൻ്റ്സ് ഉടമ ജെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൃശൂരിൽ നിന്നുമാണ് പാലാരിവട്ടം പൊലീസ് ജെനീഷിനെ കസ്റ്റഡിയിൽ എടുത്തത്.ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജെനീഷ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി ഇന്നലെ രംഗത്ത് വന്നിരുന്നു. ഒരാൾ വീണ് ഗുരുതരമായി പരിക്കേറ്റിട്ടും, എന്തുകൊണ്ട് പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് തുറന്നടിച്ചു.

‘മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തി വച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്തായിരിക്കും. ഉമ തോമസിന് പരിക്കേറ്റപ്പോൾ സംഘാടകർ കാണിച്ചത് ക്രൂരതയാണ്’ – കോടതി പറഞ്ഞു.

ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി പറഞ്ഞു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *