പാറശാല ഷാരോണ്‍ വധക്കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയും ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കലർത്തിയ വിഷം നല്‍കുകയുമായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.