ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2023

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ച രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരിത്തി ആരംഭിച്ചു. മാർച്ച് ഏഴാം തീയതി ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുകയാണ് മാർച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ നടത്തുന്നു ശുദ്ധപുണ്യാഹ ചടങ്ങുകൾക്കു ശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന് മുൻപിലെ പന്തലിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിത്രത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടിക്കഴിഞ്ഞാലുടൻ തന്നെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി.കേശവൻ നമ്പൂതിരിക്ക് കൈമാറും മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ , പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയും, പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര – സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും അതതു സമയത്ത് ഏർപ്പെടുത്തുന്ന നിയന്ത്രങ്ങൾ പാലിച്ചു കൊണ്ട് ഭക്തജനങ്ങൾക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തുന്നതിനായി ട്രസ്റ്റ് നടപടിയെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ക്യൂ നിൽക്കുന്നതിന് നടപ്പന്തലിലും പ്രത്യേകം തയ്യാറാക്കിയ പന്തലിലും സൗകര്യമുണ്ട്.

മൂന്നാം ഉത്സവദിവസമായ മാർച്ച് ഒന്നാം തീയതി ആരംഭിച്ച കുത്തിയോട്ട വ്രതത്തിൽ ഇക്കൊല്ലം പത്ത് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയ്ക്കുള്ള 743 ബാലന്മാരാണ് പങ്കെടുക്കുന്നത്. ഇവർ വ്രതശുദ്ധിയോടെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഏഴുദിവസം താമസിക്കുന്നതാണ്. ഇവർ ഏഴു ദിവസങ്ങളിലായി മൂന്ന് നേരം കുളിച്ച് ഈറനണിഞ്ഞ് മൊത്തം ആയിരത്തി എട്ട് നമസ്ക്കാരം ദേവിയുടെ തിരുമുമ്പിൽ നടത്തുന്നു.

ഒൻപതാം ഉത്സവദിവസം വൈകുന്നേരം ബാലന്മാരെ അണിയിച്ചൊരുക്കി ദേവിയുടെ തിരുമുമ്പിൽ വച്ച് ചുരൽകുത്തുന്നു. തുടർന്ന് ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നു. എഴുന്നെളളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിയ ശേഷം ചൂരൽ ഇളക്കുന്നതോടു കൂടിയാണ് കുത്തിയോട്ട വ്രതം പൂർത്തിയാകുന്നത്.താലപ്പൊലി : പൊങ്കാല ദിവസം (07-03-2023 ) മാത്രം നടക്കുന്ന ഒരു പ്രധാനപ്പെട്ട ചടങ്ങാണ് താലപ്പൊലി.

പൊങ്കാല ദിവസം പുതുവസ്ത്രങ്ങളിഞ്ഞ് തലയിൽ പുഷ്പകിരീടവും ചൂടി താലപ്പൊലിയുമായി ബാലികമാർ ബന്ധുക്കളായ സ്ത്രീജനങ്ങളോടൊത്ത് ദേവീയുടെ തിരുസന്നിധിയിൽ എത്തി താലം പൊലിക്കുന്നു. ബാലികമാർക്ക് രോഗം ഉണ്ടാകാതിരിക്കുന്നതിനും , അഭീഷ്ടസിദ്ധിക്കും, ഐശ്വര്യാഭിവൃദ്ധിക്കും വേണ്ടി താലപ്പൊലി നേർച്ച നടത്തുന്നത് ഉത്തമമെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ആയിരത്തിലേറെ ബാലികമാർ ഇതിനോടകം താലപ്പൊലിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പുറത്തെഴുന്നള്ളത്ത്ഒൻപതാം ഉത്സവദിവസം പൊങ്കാല കഴിഞ്ഞ് അന്നു രാത്രി 10.15 ന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളുന്നു. വെൺകൊറ്റക്കുട, ആലവട്ടം, വെഞ്ചാമരം, എന്നീ രാജകീയ ചിഹ്നങ്ങളോടും സായുധ പോലീസിന്റെയും വാദ്യമേളത്തിന്റെയും ഫ്ളോട്ടുകളുടെയും അകമ്പാടിയോടെയുള്ള ആറ്റുകാൽ ദേവിയുടെ എഴുന്നള്ളത് ദർശിക്കാനായി ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കയാണ്.പിറ്റേ ദിവസം (08.03.2023 ) രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 1.00 ന് നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് ഉത്സവ സമാപിക്കുന്നത്.

പത്രസമ്മേളനത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ശ്രീമതി എ. ഗീതാകുമാരി , ഔദ്യോഗിക ഭാരവാഹികളായ അനിൽകുമാർ ബി, പ്രസിഡന്റ് , എ ബിറ്റിറ്റി , ശിശുപാലൻ നായർ കെ , സെക്രട്ടറി എബിറ്റിറ്റി , കൃഷ്ണൻ നായർ പി.കെ, ട്രഷറർ , എബിറ്റിറ്റി , ശോഭ, വി.വൈസ് പ്രസിഡന്റ് , എബിറ്റിറ്റി, അജിത്കുമാർ എം.എ , ജോയിന്റ് സെക്രട്ടറി എബിറ്റിറ്റി എന്നിവർ പങ്കെടുത്തു.