ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 32 വര്‍ഷം
ഇന്ന് ബാബ്റി മസ്ജിദ് ദിനം. ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് ബാബറി മസ്ജിദ്. 1992 ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ സംഘപരിവാര്‍ ഭീകരര്‍ തകര്‍ത്തത് 500 വര്‍ഷം പഴക്കമുള്ളൊരു മസ്ജിദ് മാത്രമല്ല രാജ്യത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായിരുന്നു.
1949-ല്‍ ബാബ്റി മസ്ജിദിലേക്ക് ഒളിച്ചു കടത്തിയ വിഗ്രഹം എടുത്ത് കടലിലെറിയാന്‍ പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. നെഹ്രു അടച്ചിട്ട ബാബ്റി മസ്ജിദ് തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയും.
1985ലെ ഷാബാനു കേസിലെ സുപ്രീംകോടതി വിധി അസ്ഥിരമാക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് മറയിടലായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷ്യമെങ്കിലും രാഷ്ട്രീയ ഹിന്ദുത്വത്തിന് അത് സുവര്‍ണ്ണാവസരമായി. രാജ്യത്ത് വര്‍ഗ്ഗീയതയുടെ രഥയാത്രയായി. പ്രധാനമന്ത്രി നരംസിഹറാവുവിന്റെ പരോക്ഷ പിന്തുണയോടെ 1992 ഡിസംബര്‍ 6ന് സംഘപരിവാര്‍ കര്‍സേവകര്‍ പള്ളിപൊളിച്ചു.
കലാപങ്ങളില്‍ രണ്ടായിരത്തോളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. 2020-ലെ സിബിഐ പ്രത്യേക കോടതി വിധിയായിരുന്നു എന്നാല്‍ രസം. ബാബറി മസ്ജിദിന്റെ തകര്‍ച്ച വെറും ആകസ്മികമെന്നു പറഞ്ഞ കോടതിഅദ്വാനിയും ഉമാഭാരതിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളും കുറ്റക്കാരല്ലെന്നും വിധിച്ചു. ഒരു രാജ്യത്തിന്റെ വിധി!
മൂന്ന് പതിറ്റാണ്ടിനിപ്പുറം മാധ്യമങ്ങള്‍ ബോധശൂന്യരായി നരേന്ദ്രമോദിക്ക് ജയഭേരി മുഴക്കുന്നതിനിടയിലേക്കാണ് ഒരു തിരുത്തായി ബാബ്റി മസ്ജിദിന്റെ ഓര്‍മ്മയെത്തുന്നത്.