കപ്പലിനു നേരെ ഗുജറാത്തില്‍ ഡ്രോണ്‍ ആക്രമണം

Spread the love

മുംബൈ: സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ കയറ്റിവരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്തില്‍ ഡ്രോണ്‍ ആക്രമണം. ഇസ്രയില്‍ പങ്കാളിത്തമുള്ള ലൈബീരിയന്‍ കൊടിയുള്ള കപ്പലിന് നേരെയാണ് പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് കപ്പലില്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതായി. എന്നാല്‍ പരുക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രൂഡ് ഓയില്‍ വാഹകരായ എം.വി.കെ പ്ലൂട്ടോയാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഓയില്‍ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലിലെ ജീവനക്കാരില്‍ 20 പേര്‍ ഇന്ത്യക്കാരാണ്. ആക്രമണത്തെത്തുടര്‍ന്ന് മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഹൂതി വിമതര്‍ ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെ ചെങ്കടലില്‍ വച്ച് പലതവണ ലക്ഷ്യംവച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ദൂരെ ഇതാദ്യമായാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും യുദ്ധക്കപ്പലുകളും സഹായത്തിനായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *