ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയിലേക്ക് കൈകോർക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്
ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയിലേക്ക് കൈകോർക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ കേരളത്തിലെ നിലപാട് വ്യക്തമാക്കി പ്രതികരിക്കുകയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു.ദേശീയ തലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ അണിചേരാൻ ചർച്ചകൾ നടത്തുന്നതിനിടെയാണ് എൻഡിഎ സഖ്യത്തിന് പരിശ്രമിച്ച് ജെ ഡിഎസിന്റെ നീക്കം.നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് കർണാടകയിൽ ജെഡിഎസ്. കുമാരസ്വാമിയും പിതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡയും എൻഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് . ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.എന്നാൽ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്ന പ്രശ്നമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. ബിജെപി കർണാടകയിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ വൈകുന്നത് കുമാരസ്വാമിയുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്താണെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം തേടി കുമാരസ്വാമിയും എൻഡിഎയെ സമീപിച്ചിട്ടുണ്ട്.