ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം; ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശങ്ങളുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുര ജംക്‌ഷനിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകയെ പൊലീസ് മർദിച്ചതായി ബിജെപി ആരോപിച്ചു. പ്രവർത്തകയെ ആശുപത്രിയിലേക്കു മാറ്റി.പൂജപ്പുരയിലെ പരിപാടി തടയുമെന്ന് ബിജെപിയും യുവമോർച്ചയും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധമുണ്ടായാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. പൂജപ്പുര–തിരുമല റോഡിൽ പൊലീസ് ബാരികേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. പ്രദർശനം തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ചു. പത്തോളം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ബിജെപി പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല. പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.പ്രതിഷേധം നടക്കുന്നതിന്റെ 200 മീറ്റർ അകലെയായാണ് ഡിവൈഎഫ്ഐ പ്രദർശനം സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനാവൂർ നാഗപ്പനും ഡോക്യുമെന്ററി കാണാനെത്തി. നാട്ടുകാരും പ്രദർശനത്തിൽ പങ്കാളികളായി. ശക്തമായ പൊലീസ് കാവലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോഴും ബിജെപി പ്രതിഷേധിച്ചു. രാവിലെ ലോ കോളജിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ജഗതി – പൂജപ്പുര റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ നീക്കത്തെ സംസ്ഥാനമെങ്ങും യുവമോർച്ച പ്രവർത്തകർ പ്രതിരോധിച്ചിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. കണ്ണൂർ സർവകലാശാല, കാസർകോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.