ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. ഏപ്രിൽ 24 തിങ്കളാഴ്ചയാണ് സുപ്രീംകോടതി വാദം കേൾക്കുക. ജസ്റ്റിസ് എസ്.ആർ. ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2022 നവംബറിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും, സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുക.കേസുമായി ബന്ധപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ്ജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരി 11ന് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചത്.