സൗദിയിൽ അതിശക്തമായ മഴ : തെരുവുകൾ വെള്ളത്തിൽ മുങ്ങി
റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മണിക്കൂറുകളോളമാണ് നീണ്ടു നിന്നത്. വരും ദിവസങ്ങളിൽ സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്.വിവിധ റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളിലേയും വാഹനങ്ങൾ തിരിച്ചുവിട്ടു. പലസ്തീൻ, പ്രിൻസ് മാജിദ് റോഡ് തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു.മക്കയിൽ അതിശക്തമായ മഴയായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളിൽ ആലിപ്പഴ മഴയും ഉണ്ടായി. ചില സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. ഖുൻഫുദക്കടുത്തുള്ള ചില പ്രദേശങ്ങളിൽ മഴ കാരണം വൈദ്യതി വിതരണം തടസ്സപ്പെട്ടിരുന്നു. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ജിദ്ദ, മക്ക, ബഹ്റ, കാമിൽ, ജൂമും, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.