സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

Spread the love

സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

സി.പി.ഐ (എം)ന്റെ സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്നു സ: വി.എസ്‌ അച്ചുതാനന്ദന്‍. അടിസ്ഥാന ജനവിഭാഗത്തില്‍ നിന്ന്‌ ഉയര്‍ന്നു വരികയും, അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്‌ത വി.എസ്‌ അച്ചുതാനന്ദന്റെ നിര്യാണം പാര്‍ടിക്ക്‌ നികത്താനാകാത്ത നഷ്ടമാണ്‌.നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ കാഴ്‌ചപ്പാടുകള്‍ക്ക്‌ ഒപ്പം നിലയുറപ്പിക്കുകയും, അവയെ വര്‍ഗ്ഗ സമര കാഴ്‌ചപ്പാടുമായി കണ്ണിചേര്‍ക്കുകയും ചെയ്‌ത കമ്മ്യൂണിസ്റ്റായിരുന്നു വി.എസ്‌. കേരളത്തിന്റെ സാമൂഹ്യ വികാസങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും, പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്‌ത ക്രാന്ത ദര്‍ശി കൂടിയായിരുന്നു വി.എസ്‌.പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടുകൊണ്ട്‌ അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ ഭരണകൂടത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ക്കെതിരെ നിരന്തരം പൊരുതി.രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അസാധാരണമായ പാടവം വി.എസ്‌ കാണിച്ചിരുന്നു. എതിരാളികളുടെ വാദമുഖങ്ങളെ തുറന്നുകാട്ടാനും, രൂക്ഷമായ ഭാഷയില്‍ തെറ്റായ നയങ്ങളെ വിമര്‍ശിക്കുകയെന്നതും വി.എസിന്റെ ശൈലിയായിരുന്നു. ദേശാഭിമാനിയുടെ ചീഫ്‌ എഡിറ്റര്‍ എന്ന നിലയില്‍ ആശയ പ്രചരണ രംഗത്തും വി.എസിന്റെ കയ്യൊപ്പ്‌ പതിഞ്ഞിരുന്നു.ദുരിതങ്ങളുടെ ആഴക്കടലില്‍ നിന്ന്‌ പൊരുതി മുന്നേറി സി.പി.ഐ (എം)ന്റെ പോളിറ്റ്‌ ബ്യൂറോ അംഗമായും, സംസ്ഥാന മുഖ്യമന്ത്രിയായും വി.എസ്‌ ഉയര്‍ന്നുവന്നു. കേരളീയ സമൂഹത്തിനും, വിപ്ലവ പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ കരുത്തുറ്റ സംഭാവനകള്‍ കേരളം നിലനില്‍ക്കുന്നിടത്തോളം സ്‌മരിക്കപ്പെടും. കേരളത്തിന്റെ സാമൂഹ്യ വികാസത്തിനൊപ്പം മുന്നേറി ആധുനിക കേരളം രൂപപ്പെടുത്തുന്നതില്‍ ജീവിതം സമര്‍പ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം.ജീവിത പ്രയാസങ്ങളില്‍ ഉലയുമ്പോഴും പതറാതെ നെഞ്ചൂക്കോടെ ജന്മിത്വത്തെ മുഖാമുഖം നേരിട്ട നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്ന ആദ്യകാല കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്‌ വി.എസ്‌ നേതൃത്വപരമായ പങ്കുവഹിച്ചു. കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയനായി അതിനെ വളര്‍ത്തിയെടുക്കുന്നതിനും വി.എസിന്‌ കഴിഞ്ഞു.1923 ഒക്‌ടോബര്‍ 20-ാം തീയ്യതിയായിരുന്നു വി.എസിന്റെ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായ വി.എസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940-ല്‍ 17-ാമത്തെ വയസ്സില്‍ അദ്ദേഹം പാര്‍ടി അംഗമായി. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലും ഭാഗവാക്കായി. അതിന്റെ ഫലമായി പോലീസിന്റെ കൊടിയ പീഢനത്തിന്‌ വി.എസ്‌ വിധേയമായി. 1947-ല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ജയിലിലായിരുന്നു വി.എസ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ അറസ്റ്റിലാവുകയും, പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിയും വന്നു വി.എസിന്‌.1952-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി. 1956 ജില്ലാ സെക്രട്ടറിയുമായി. 1957-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായി. 1959-ല്‍ ദേശീയ കൗണ്‍സില്‍ അംഗമായി. 1964-ലെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങി വന്ന്‌ റിവിഷണലിസത്തിനെതിരായ പോരാട്ടത്തില്‍ സജീവ പങ്കാളിയുമായി. സി.പി.ഐ (എം) രൂപീകരണത്തില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണിയാണ്‌ വി.എസിന്റെ മരണത്തോടെ ഇല്ലാതായത്‌.1967, 1970 വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്ന്‌ നിയമസഭയിലെത്തി. 1991-ല്‍ മാരാരിക്കുളത്ത്‌ നിന്നും, 4 തവണ മലമ്പുഴയില്‍ നിന്നും വിജയിച്ചു. 1980-ല്‍ സംസ്ഥാന സെക്രട്ടറിയായി. മൂന്ന്‌ തവണ ആസ്ഥാനത്ത്‌ തുടരുകയും ചെയ്‌തു. 1985-ല്‍ പോളിറ്റ്‌ ബ്യൂറോ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ പാര്‍ടി പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും വിടവാങ്ങി.ജനകീയ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നതിനും, അതിന്‌ പരിഹാരം കാണുന്നതിനും മാതൃകാപരമായിത്തന്നെ വി.എസ്‌ ഇടപെട്ടു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുന്നതിനായി ഏതറ്റം വരേയും പ്രായത്തെ അവഗണിച്ച്‌ സഞ്ചരിച്ച്‌ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച നേതാവ്‌ കൂടിയായിരുന്നു വി.എസ്‌. കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ വി.എസിനോളം ഉയര്‍ന്നു നിന്ന പ്രതിപക്ഷ നേതാക്കള്‍ കുറവാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായും വി.എസ്‌ പ്രവര്‍ത്തിച്ചു.2006 മെയ്‌ മാസത്തില്‍ കേരള മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തുകയെന്ന പാര്‍ടി കാഴ്‌ചപ്പാട്‌ നടപ്പിലാക്കുവാന്‍ വി.എസ്‌ നേതൃത്വപരമായ പങ്കുവഹിച്ചു. പൊതുമേഖലാ സംരക്ഷണവും, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ ശക്തമായി ഇടപെട്ടുകൊണ്ടും ആ സര്‍ക്കാര്‍ മുന്നോട്ടുപോയി. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശക്തമായ നിലപാട്‌ സ്വീകരിച്ചു. ഇക്കാലത്ത്‌ കൊണ്ടുവന്ന നെല്‍ വയല്‍ സംരക്ഷണ നിയമം കേരളത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിലെ സുപ്രധാനമായ ഇടപെടലായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സജീവമായ സര്‍ക്കാര്‍ ഇടപെടലിന്‌ വിധേയമായ കാലം കൂടിയായിരുന്നു അത്‌. 2016-ല്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായും വി.എസ്‌ പ്രവര്‍ത്തിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയെന്ന പാര്‍ടിയുടെ നയം ഭരണാധികാരിയായിരിക്കുമ്പോള്‍ അക്ഷരംപ്രതി നടപ്പിലാക്കുന്നതിനും വി.എസ്‌ ശ്രദ്ധിച്ചു.പാര്‍ടിക്കകത്ത്‌ രൂപപ്പെട്ട ഇടത്‌ – വലത്‌ വ്യതിയാനത്തിനെതിരെ അദ്ദേഹം ശക്തമായി പൊരുതി. ജാതി വാദികളില്‍ നിന്നും, വര്‍ഗ്ഗീയ വാദികളില്‍ നിന്നും കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിനെതിരെ ആക്രമണങ്ങളുയര്‍ന്നുവന്നപ്പോള്‍ ശക്തമായി പ്രതിരോധിക്കാനും വി.എസ്‌ ശ്രദ്ധിച്ചു. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും ഇടപെട്ടു. സമരഭൂമികളിലെ സൂര്യജ്വലനമായി നിന്ന വി.എസ്‌ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം വി.എസിന്റെ ജീവിതം കൂടി ചേര്‍ന്നുകൊണ്ടുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയെ കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമാക്കിയെടുക്കുന്നതില്‍ വി.എസ്‌ വഹിച്ച പങ്ക്‌ അമൂല്യമാണ്‌. ആ വിടവ്‌ നികത്താന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിശ്രമിക്കുമെന്ന ഉറപ്പ്‌ ഈ അവസരത്തില്‍ നല്‍കുകയാണ്‌.കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി കെട്ടിപ്പടുക്കുന്നതിനായി ജീവിതം നീക്കിവെച്ച വി.എസിനുള്ള ആദരവിന്റെ ഭാഗമായി ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം പാര്‍ടി നടത്തും. ഇക്കാലയളവില്‍ പാര്‍ടിയുടെ പൊതുപരിപാടികളുണ്ടായിരിക്കുന്നതല്ല. പാര്‍ടി പതാകകള്‍ താഴ്‌ത്തിക്കെട്ടണമെന്നും, അനുശോചന യോഗം സംഘടിപ്പിക്കണമെന്നും പാര്‍ടി ഘടകങ്ങളോട്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ നിര്‍ദ്ദേശിച്ചു.ഇന്ന്‌ (21.07.2025 തിങ്കളാഴ്‌ച) രാത്രി എ.കെ.ജി സെന്ററില്‍ നിന്ന്‌ മൃതശരീരം തിരുവനന്തപുരത്തെ വീട്ടിലേക്ക്‌ കൊണ്ടുപോകും. നാളെ (22.07.2025 ചൊവ്വാഴ്‌ച) രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ നാഷണല്‍ ഹൈവേ വഴി രാത്രി ആലപ്പുഴയിലെ വീട്ടിലേക്കായിരിക്കും എത്തിക്കുക.23.07.2025 ബുധനാഴ്‌ച രാവിലെ 9 മണിക്ക്‌ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ അന്തിമോപചാരം അര്‍പ്പിക്കും. 10 മണിക്ക്‌ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. ഉച്ചക്ക്‌ 3 മണിക്ക്‌ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്തും. അതിനുശേഷം സര്‍വ്വകക്ഷി അനുശോചന യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *