ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍

Spread the love

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഭാര്യ കല്‍പ്പന സോറന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മാറാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടും.

ഇന്ന് രാഹുല്‍ഗാന്ധി ഇന്ത്യ മുന്നണിയുടെ റാലികള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത്ഷാ ജെ എം എം കോണ്‍ഗ്രസ് സഖ്യത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് ജാര്‍ഖണ്ഡില്‍ ഇനി ഇടം നല്‍കില്ലെന്നും അമിത് ഷാ വീണ്ടും ആവര്‍ത്തിച്ചു. ജാര്‍ഖണ്ഡിനെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ജെ എം എമ്മിന്റെ പ്രചരണ ആയുധം.

അതേസമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായിരിക്കുകയാണ് ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി മുംബൈയിലുമായി വിവിധ റാലികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവര്‍ത്തി ദിനത്തിലെ ഗതാഗത നിയന്ത്രണം പതിനായിരങ്ങളെ ദുരിതത്തിലാക്കി. ഇതോടെ സമൂഹ മാധ്യമങ്ങള്‍ രോഷപ്രകടനങ്ങള്‍ കൊണ്ട് നിറഞ്ഞു. വിഐപികളുടെ തിരക്ക് കണക്കിലെടുത്ത് മുംബൈ ട്രാഫിക് പൊലീസ് രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുംബൈയിലും നവി മുംബൈയിലുമായി റാലികളില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ വികസനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച നരേന്ദ്ര മോദി അജിത് പവാറിനെ മനഃപൂര്‍വം ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ തന്റെ അവസാന യോഗമാണിതെന്ന് പറഞ്ഞാണ് മോദി ശിവാജി പാര്‍ക്കിലെ വേദി വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പേരെടുത്ത് അധിക്ഷേപിച്ച മോദി ഇക്കുറി ഇരുവരെയും തന്ത്രപൂര്‍വ്വം ഒഴിവാക്കി കോണ്‍ഗ്രസിനെതിരെയാണ് ആഞ്ഞടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *