വയനാട് ദുരന്തം; കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ല: കെ വി തോമസ്
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരമവുമായി ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും കേരളത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനുള്ള ധനസഹായം കേന്ദ്രധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കത്ത് അയച്ചുവെന്നും കെ വി തോമസ് പറഞ്ഞു. ദുരന്തം ഉണ്ടായിക്കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം കേന്ദ്രം വയനാടിന്റെ കാര്യത്തില്‍ എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രം 7000 കോടി രൂപയാണ് ആന്ധ്രയ്ക്ക് കൊടുത്തത്. കേരളത്തിന്റെ ഈ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുത്. വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നില്‍ക്കണമെന്നും കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ലെന്നും കെ വി തോമസ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാകുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഇതിന് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് മറുപടി.