ശരദ് പവാറിന് വന്‍ തിരിച്ചടി :യഥാര്‍ഥ എന്‍.സി.പി. അജിത്തിന്റേതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
മുംബൈ: ശരദ് പവാറിന് വന്‍ തിരിച്ചടി. അനന്തരവനും ഏക്നാഥ് ഷിന്ദേ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയാണ് യഥാര്‍ഥ എന്‍.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2023 ജൂലായിലാണ് ശരദ് പവാറിനോടു കലഹിച്ച് അജിത് ഒരുകൂട്ടം എം.എല്‍.എമാരുമായി ഷിന്ദേ സര്‍ക്കാരിന്റെ ഭാഗമാകുന്നത്.‘ലെജിസ്ലേറ്റീവ് മെജോറിറ്റി’ കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ഥ എന്‍.സി.പി. എന്ന നിഗമനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.ഉടന്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, തന്റെ പക്ഷത്തിന് പേരും ചിഹ്നവും തീരുമാനിച്ച് അറിയിക്കാന്‍ ശരദ് പവാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്കുള്ളില്‍ ഇതു രണ്ടും കമ്മിഷനെ അറിയിക്കാനാണ് നിര്‍ദേശം.