ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍; ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല
ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ കടുത്ത നടപടികളിലേക്ക് നീങ്ങി ദില്ലി സര്‍ക്കാര്‍. ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് ദില്ലി നഗരത്തിലേക്ക് പ്രവേശനമില്ല. ബിഎസ്-3 പെട്രോള്‍ വാഹനങ്ങള്‍ക്കും നിരോധനമുണ്ട്.
എന്‍സിആര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, ഗാസിയാബാദ്, ഗൗതം ബുദ്ധ്‌നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം. ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും പൂര്‍ണ്ണമായും അടച്ചു. അഞ്ചാം ക്ലാസിനു മുകളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ് നടത്തുമെന്ന് മുഖ്യമന്ത്രി അദിഷി അറിയിച്ചു.
വായു ഗുണനിലവാര സൂചിക 400 മുകളില്‍ എത്തിയതോടെയാണ് ദില്ലി സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്ന് നടപടി ആരംഭിച്ചത്. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി ദില്ലി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നത്.
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) 3-ാം ഘട്ടം ഇന്ന് മുതല്‍ നടപ്പിലാക്കും. ദില്ലി-എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും.
ജിആര്‍എപി പ്രാബല്യത്തില്‍ വരുന്നതോടെ ഖനന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വായു മലിനീകരണം രൂക്ഷമായതിനാല്‍ ദില്ലിയിലേക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ വരുന്നത് നിരോധിച്ചു.
ദില്ലിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ BS-III പെട്രോള്‍, BS-IV ഡീസല്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. നോണ്‍-ഇലക്ട്രിക്, നോണ്‍-സിഎന്‍ജി, നോണ്‍-ബിഎസ്-VI ഡീസല്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം തളിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ കടന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിവിധയിടങ്ങളില്‍ വായു ഗുണ നിലവാര സൂചിക 429 ആയി ഉയര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.