അമേരിക്കയിൽ കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും
USA: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും ബാധിക്കും. ഇന്ത്യൻ വംശജരുടെ കുട്ടികൾ സ്വാഭാവിക യുഎസ് പൗരന്മാരാകുന്നതിൽ ആശങ്ക ഉയർത്തുന്നതാണ് ഈ നയം. പ്രചാരണത്തിലുടനീളം ട്രംപും ജെഡി വാൻസും കുടിയേറ്റവിരുദ്ധത ആവർത്തിച്ചിരുന്നു.
സ്വാഭാവിക പൗരത്വം തടയുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഒന്നാം ദിനം ഇതെല്ലാം നടപ്പാക്കുമെന്നാണ് ട്രംപ് പറയുന്നത്. മിക്കവാറും റാലികളിൽ ‘ഒന്നാം ദിവസംതന്നെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടി ഞാൻ ആരംഭിക്കും’ എന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസിൻ്റെ ഇമിഗ്രേഷൻ നയത്തിൽ വലിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്ന ട്രംപ്, അനധികൃത കുടിയേറ്റക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കുകയും ചെയ്യും.
ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണ വെബ്‌സൈറ്റിൽ ലഭ്യമായ രേഖ അനുസരിച്ച്, കുടിയേറ്റം തടയുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം പ്രസിഡൻ്റായതിൻ്റെ ആദ്യ ദിവസം തന്നെ ഒപ്പിടും. കുടിയേറ്റക്കാരുടെ ഭാവിയിലെ കുട്ടികൾ സ്വയമേവയുള്ള യുഎസ് പൗരന്മാരാകുന്നതിന് കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകുമെന്നും വെബ്സൈറ്റിൽ പറയുന്നു. ഏതായാലും ട്രംപിനെ അനുകൂലിച്ച കുടിയേറ്റക്കാർക്ക് തന്നെ വരും നാളുകളിൽ പണികിട്ടുമോയെന്നാണ് ആശങ്ക.