ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കില്‍ ഗുരുവായൂര്‍

Spread the love

തൃശൂര്‍: അഷ്ടമിരോഹിണി മഹോത്സവത്തില്‍ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒന്‍പത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ഗുരുവായൂര്‍ വേദിയാകും. 5 മണിക്ക് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതല്‍ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതല്‍ കൃഷ്ണനാട്ടവും അരങ്ങേറുംപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളില്‍ 60,000 പേര്‍ക്കും പുറത്ത് 10000 പേര്‍ക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്ടമി രോഹിണിക്ക് ശേഷവും ഒക്ടോബര്‍ രണ്ടുവരെ ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാട് നടക്കും.അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകളും വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും. ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്നേഹനിധി സമര്‍പ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന’പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്നും ബാലഗോകുലം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *