നിശാഗന്ധിയിൽ നിറഞ്ഞാടി വിനീത് ശ്രീനിവാസൻ ; ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ
ഓണം വാരാഘോഷത്തിന്റെ അവസാന ദിനമായ ഇന്നലെ വിനീത് ശ്രീനിവാസൻ നിശാഗന്ധിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസും വോളന്റിയേഴ്സും ഏറെ പണിപ്പെട്ടു. പലരും നിശാഗന്ധിയിൽ പ്രവേശിക്കാനാകാതെ നിരാശരായി. മണിക്കൂറുകൾക്ക് മുൻപേ തടിച്ചു കൂടിയ ജനസാഗരത്തിന് മുന്നിൽ പ്രിയ ഗായകൻ നിറഞ്ഞാടി. ബിഗ് എഫ് എം 92.7-ൻ്റെ നേതൃത്വത്തിലാണ് ‘വിനീത് ശ്രീനിവാസൻ ലൈവ്’ സംഘടിപ്പിച്ചത്. വിനീതിന്റെ ചലച്ചിത്ര പിന്നണിഗാന രംഗത്തെ ആദ്യ ഗാനമായ “കസവിൻ്റെ തട്ടമിട്ട്”, ‘ഉദയനാണ് താര’ത്തിലെ “കരളേ കരളിൻ്റെ കരളേ”, പ്രേക്ഷകപ്രീതി നേടിയ “ഓമനപ്പുഴ കടപ്പുറത്തിന്നോമനേ” തുടങ്ങിയ ഗാനങ്ങളും അദ്ദേഹം ആലപിച്ചു. നരനിലെ “അമ്മപ്പുഴയുടെ പൈതലായി” പാടിയപ്പോൾ വൻ കരഘോഷമാണ് ഉയർന്നത്. മുപ്പതോളം ഗാനങ്ങൾ അണിനിരന്ന സംഗീതനിശയിൽ ഇരുപതോളം ഗാനങ്ങളും പാടിയത് വിനീത് ശ്രീനിവാസനാണ്. വിനീതിനെ കൂടാതെ അൽ-സമദ്, സഞ്ജിത്ത് സലാം, ദുർഗ്ഗാ അജിത്, മാധവ്, ശ്രാവൺ എന്നിവരും സദസിനെ കോരിത്തരിപ്പിച്ചു. വിനീത് ശ്രീനിവാസന് ഒപ്പം പാടി കാണികളും സംഗീത നിശയുടെ താളമായി. സദസിനെയും സ്റ്റേജിനേയും ഒരുപോലെ സംഗീതത്തിൽ ആറാടിച്ചാണ് പ്രിയഗായകൻ മടങ്ങിയത്.