കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണിതിരുകി : ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പുറത്തേക്കെറിഞ്ഞു
കൊച്ചി: പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺസുഹൃത്തിനെ പ്രതിചേർക്കുമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, യുവതി പീഡനത്തിരയായാണ് ഗർഭിണിയായതെന്ന സംശയമായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് മാധ്യമങ്ങളോട് പങ്കുവച്ചത്. എന്നാൽ, ഇക്കാര്യത്തിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്. അതേസമയം, കുഞ്ഞിനെ ജനിച്ചയുടൻ തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്.കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. എട്ടു മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. ഉടൻതന്നെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി.യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡിൽ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിൻറെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിൻറെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്.